വലമ്ബൂര്‍ നിവാസികള്‍ രാവിലെ എണീറ്റുനോക്കിയപ്പോള്‍ വീടുകള്‍ക്ക് മുമ്ബിലും റോഡരികിലും മിഠായി വിതറിയ നിലയില്‍, ജനം ആശങ്കയില്‍


മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകള്‍ക്ക് മുമ്ബില്‍ മിഠായി വിതറിയ നിലയില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്ബൂർ സെൻട്രല്‍ മുതല്‍ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികില്‍ വീടുകള്‍ക്ക് മുമ്ബില്‍ മിഠായി വിതറിയതായി കണ്ടെത്തിയത്.ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. റോഡിന്റെ ഇരുവശത്തുമായാണ് ചോക്ലറ്റ് മിഠായി കിടന്നിരുന്നത്. നമസ്‌കാരത്തിനായി പള്ളിയിലേക്ക് വരുമ്ബോള്‍ മിഠായി കണ്ടില്ലെന്നും തിരിച്ചുപോകുമ്ബോഴാണ് കണ്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

മിഠായി കിട്ടിയവർ വീട്ടില്‍ കൊണ്ടുപോയി. വീടുകളുടെ ഗേറ്റിന് മുൻവശത്താണ് കൂടുതല്‍ വിതറിയിരിക്കുന്നത്. തെരുവ് വിളക്കുകളുള്ളിടത്ത് വിതറിയിട്ടില്ല. റോഡിന്റെ മധ്യഭാഗത്ത് ഇല്ലാത്തതിനാല്‍ വാഹനത്തില്‍ കൊണ്ടുപോയപ്പോള്‍ വീണതാകാൻ സാധ്യതയില്ല. 15 കിലോ മുതല്‍ 25 കിലോ വരെ മിഠായി കണ്ടെത്തിയതായാണ് പറയുന്നത്.

പൊതിയഴിച്ച്‌ വീണ്ടും പൊതിഞ്ഞത് പോലെയാണ് തോന്നുന്നതെന്ന് പ്രദേശവാസി പറഞ്ഞു. വലമ്ബൂർ സ്‌കൂളിനോട് ചേർന്ന പൊതുവഴിയിലാണ് കൂടുതല്‍ കണ്ടത്. മിഠായി കിട്ടിയവർ കഴിക്കരുതെന്നും ഇത്തരത്തില്‍ മിഠായി കാണുകയോ അപരിചിതർ നല്‍കുകയോ ചെയ്താല്‍ എടുക്കരുതെന്നും സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേർന്ന് വിദ്യാർഥികളെ അറിയിച്ചു. മിഠായി നാട്ടുകാർ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.