മാസ്റ്റേഴ്‌സ് ലീഗ് ഫൈനല്‍: ഇന്ത്യക്ക് ടോസ് നഷ്ടം; സച്ചിനും ലാറയും നേര്‍ക്കുനേര്‍, മത്സരം കാണാന്‍ ഈ വഴികള്‍


റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ ഇന്ത്യ മാസ്റ്റേഴ്‌സിന് ടോസ് നഷ്ടം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഇന്ത്യ മാസ്റ്റേഴ്‌സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് കിരീടപ്പോരാട്ടം ടിവിയില്‍ കളേഴ്‌സ് സിനിപ്ലക്‌സിലും കളേഴ്‌സ് സിനിപ്ലക്‌സ് സൂപ്പര്‍ ഹിറ്റ് ചാനലിലും തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ്: ഡ്വെയ്ന്‍ സ്മിത്ത്, വില്യം പെര്‍കിന്‍സ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ബ്രയാന്‍ ലാറ (ക്യാപ്റ്റന്‍), ചാഡ്വിക്ക് വാള്‍ട്ടണ്‍, ദിനേഷ് രാംദിന്‍ (ക്യാപ്റ്റന്‍), ആഷ്ലി നഴ്സ്, ടിനോ ബെസ്റ്റ്, ജെറോം ടെയ്ലര്‍, സുലൈമാന്‍ ബെന്‍, രവി രാംപോള്‍.

ഇന്ത്യ മാസ്റ്റേഴ്സ്: അമ്ബാട്ടി റായുഡു (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), പവന്‍ നേഗി, യുവരാജ് സിംഗ്, സ്റ്റുവര്‍ട്ട് ബിന്നി, യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, ഗുര്‍കീരത് സിംഗ് മന്‍, വിനയ് കുമാര്‍, ഷഹബാസ് നദീം, ധവാല്‍ കുല്‍ക്കര്‍ണി.സെമിയില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 94 റണ്‍സിന് തകര്‍ത്തപ്പോള്‍ വിന്‍ഡീസ് സെമിയില്‍ ശ്രീലങ്കയെ ആറ് റണ്‍സിന് വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ജയം ആധികാരികമായിരുന്നെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്ക പൊരുതിവീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക മാസ്റ്റേഴ്‌സിന് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിന്‍ഡീസ് മാസ്റ്റേഴ്‌സിനായി ദിനേശ് രാംദിന്‍ 22 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ 33 പന്തില്‍ 41 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ 97-6 എന്ന സ്‌കോറില്‍ തകര്‍ന്നടിഞ്ഞശേഷം അസേല ഗുണരത്‌നെയുടെ(66) അര്‍ധസെഞ്ചുറി മികവിലാണ് ശ്രീലങ്ക വിജയത്തിന് അടുത്തെത്തിയത്.