‘മത്സ്യതൊഴിലാളികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും’, കടല്‍ മണല്‍ ഖനനം അനുവദിക്കില്ല: കെസി വേണുഗോപാല്‍


ദില്ലി: മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോക്സഭയില്‍ ആവര്‍ത്തിച്ച്‌ കെ സി വേണുഗോപാല്‍ എം പി.കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച്‌ സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്. ധാതു മണല്‍ ഖനനവുമായി ബന്ധപ്പെട്ട 2022 ലെ നിയമത്തില്‍ പാരിസ്ഥിതിക സന്തുലനത്തെ തകർക്കുന്ന നടപടികള്‍ തടയാൻ വ്യവസ്ഥകളുണ്ടെന്നും, കടല്‍ മണല്‍ ഖനന വിഷയത്തിലും ഇക്കാര്യങ്ങള്‍ പാലിക്കുമെന്നുമുള്ള പരിസ്ഥിതി വനം സഹ മന്ത്രി കീർത്തി വർദ്ധന സിംഗ് നല്‍കിയ മറുപടി യാഥാർഥ്യം മൂടിവെച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

തീരദേശ പരിപാലന നിയമം കർക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാൻ പോലും അനുമതി നിഷേധിക്കുന്ന സർക്കാരാണ് യാതൊരു പഠനവും നടത്താതെ, കൂടിയാലോചനകളില്ലാതെ, ദൂരവ്യാപകമായ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കടല്‍ മണല്‍ ഖനനവുമായി മുന്നോട്ടു പോവുന്നതെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മത്സ്യത്തൊഴിലാളി സമൂഹം, പ്രത്യേകിച്ച്‌ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ കടല്‍മണല്‍ ഖനനം പ്രഖ്യാപിച്ച്‌ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശരിയായ പാരിസ്ഥിതിക പഠനം നടത്താതെ സര്‍ക്കാര്‍ എങ്ങനെയാണ് ഇത്തരമൊരു പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു.

മത്സ്യത്തൊഴിലാളികള്‍ മുമ്ബെങ്ങുമില്ലാത്ത വിധം ആശങ്കയിലാണുള്ളത്. ഖനനം കടലിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നതാണ് പ്രധാന ആശങ്ക. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിലില്‍ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് ഇവിടം. കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെ ഇവിടുത്തെ മണല്‍ ഖനനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഈ പഠന റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

വൈവിധ്യമാര്‍ന്ന സമുദ്ര ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്ന കൊല്ലം തീരദേശ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യത്തെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നുണ്ട്. വിവിധ സമുദ്ര ജീവികള്‍ക്ക് നിര്‍ണായകമായ ആവാസ വ്യവസ്ഥകള്‍ ഈ ഭാഗങ്ങളിലുണ്ട്. നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍വാട്ടര്‍ സര്‍വേകളില്‍ വിവിധയിനം പവിഴപ്പുറ്റുകളെ പുതിയതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ രേഖപ്പെടുത്തിയ മൃദുവായ പവിഴപ്പുറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗവും കൊല്ലത്തിന് സമീപമാണ് കാണപ്പെടുന്നത്, ഇത് പ്രദേശത്തിന്റെ പാരിസ്ഥിതിക സമ്ബന്നതയെ അടിവരയിടുന്നതാണ്. ഈ പവിഴപ്പുറ്റുകള്‍ സങ്കീര്‍ണ്ണമായ ഭക്ഷ്യവലയങ്ങളെ
പിന്തുണയ്ക്കുകയും സമുദ്ര ജൈവവൈവിധ്യവും മത്സ്യബന്ധന ഉല്‍പ്പാദനക്ഷമതയും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. 40 മുതല്‍ 60 മീറ്റര്‍ വരെ ആഴത്തിലുള്ള കടല്‍ത്തീര മണല്‍ ഖനനം പവിഴപ്പുറ്റ് ആവാസവ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യപ്രജനനത്തെയും കടലിന്റെ വ്യവസ്ഥയെയും തന്നെ തകിടം മറിക്കാന്‍ കടല്‍മണല്‍ ഖനനത്തിനാകുമെന്ന ആശങ്ക അദ്ദേഹം ലോക്സഭയില്‍ പങ്കുവെച്ചു.

കഴിഞ്ഞ മൂന്ന് മാസമായി മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് പിന്തുണ അറിയിച്ച്‌ ജനപ്രതിനിധി എന്ന നിലയില്‍ താനും ആഴക്കടലിലേക്ക് പോയിരുന്നു. കടല്‍ ഖനനം ഏറ്റവുമധികം ബാധിക്കപ്പെടാന്‍ പോകുന്നവരായ മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ കൂടിയാലോചിക്കണം. എന്നാല്‍ ആരും ഇത്തരമൊരു ശ്രമം നടത്തിയിട്ടില്ല. ആദ്യം ടെന്‍ഡറുകള്‍ നല്‍കുമെന്നും പിന്നീട്, ടെന്‍ഡര്‍ ലഭിച്ച കമ്ബനി പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ എന്ത് യുക്തിയാണ് ഉള്ളതെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. ഈ വിഷയം നേരത്തെയും അദ്ദേഹം ലോക്സഭയില്‍ സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വേണുഗോപാല്‍ ചൂണ്ടികാട്ടി.