മലയോര മേഖലയ്ക്ക് സർക്കാരിന്റെ സമ്മാനം; 1.65 കോടിയുടെ പദ്ധതികൾ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ 1.65 കോടിയുടെ പദ്ധതി മാർച്ച് 21ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണം എന്നിവയാണ് മന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 1.27 കോടി ചെലവിലാണ് എടക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്. ഫാർമസി സ്റ്റോർ, ആധുനിക രീതിയിലുളള ഒപി കൗണ്ടർ പരിശോധനാമുറി, ആധുനിക ലാബ് സൗകര്യം, കാത്തിരിപ്പ് സ്ഥലം, ഒബ്‌സർവേഷൻ റൂം, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കുമുളള ശൗചാലയം എന്നിവയാണ് എടക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിൽ നിർമ്മിച്ചിട്ടുള്ളത്. ആർദ്രം പദ്ധതിയുടെ ഭാഗമായി കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് 15.5 ലക്ഷം രൂപ എൻ.എച്ച്. എം മുഖേനെയും 22.97 ലക്ഷം രൂപ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് മുഖേനെയും ചെലവഴിച്ചു നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഫാർമസി സ്റ്റോർ,ആധുനിക രീതിയിലുള്ള ഒ.പി കൗണ്ടർ, രണ്ട് പരിശോധനാ മുറികൾ, ഓഫീസ് മുറി, നഴ്‌സിംഗ് സ്റ്റേഷൻ, ഡ്രസ്സിംഗ് റൂം, ഐയുഡി റൂം, പരിരക്ഷ റൂം, പബ്ലിക് ഹെൽത്ത് വിംഗ് റൂം, ആധുനിക ലാബ് സൗകര്യം, കാത്തിരിപ്പ് സ്ഥലം, ഒബ്‌സർവേഷൻ റൂം, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കും ശൗചാലയം എന്നീ സൗകര്യങ്ങളും കുറുമ്പലങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.