ദേശീയ ആരോഗ്യ ദൗത്യം: എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു
ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി ജില്ലയിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. യോഗത്തിൽ ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ടി എൻ അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്താൻ യോഗത്തിൽ തീരുമാനമായി. സ്‌കൂൾ കൗൺസിലർമാരുടെ സേവനം കാര്യക്ഷമമാക്കാനും കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്താനും തീരുമാനിച്ചു. പുതുതായി നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് യോഗത്തിൽ അംഗീകാരം നൽകി. ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള പദ്ധതികൾ ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കുന്നതായി യോഗം വിലയിരുത്തി. ഡിഎംഒ ഡോ. ആർ രേണുക, വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.