കിണറിന്‍റെ മൂടി മാറിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കി, വയോധിക കിണറ്റില്‍ മരിച്ച നിലയില്‍


തിരുവനന്തപുരം: വയോധികയെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനില്‍ സുകുമാരനാശാരിയുടെ ഭാര്യ എ ശാന്തകുമാരി (71)യെയാണ് രാവിലെ 11 ഓടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.രാവിലെ മുതല്‍ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും തെരച്ചില്‍ നടത്തുന്നതിനിടെ കിണറിന്‍റെ മൂടിയുടെ ഒരു ഭാഗം മാറിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിനുള്ളില്‍ കണ്ടത്. മുപ്പതടിയോളം താഴ്ചയുള്ള കിണറില്‍ പാതിയോളം വെള്ളവുമുണ്ടായിരുന്നു. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ഹരേഷിന്‍റെ നേതൃത്വത്തില്‍ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വിഴിഞ്ഞം പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ സംസ്കാരം നടക്കും.