‘രണ്ട് പെണ്‍മക്കളുമായി എങ്ങോട്ട് പോകും?’ ഒരു ലക്ഷം 31നുള്ളില്‍ അടയ്ക്കണം, ആശാ പ്രവര്‍ത്തക ജപ്തിയുടെ വക്കില്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വർക്കർമാരില്‍ ഒരാള്‍ കൂടി ജപ്തിയുടെ വക്കില്‍.തിരുവനന്തപുരം നെട്ടയം സ്വദേശി കവിതാ കുമാരിയ്ക്കാണ് ഈ മാസം 31നുള്ളില്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കിടപ്പാടം നഷ്ടമാകുക. വട്ടിയൂർകാവ് സഹകരണ ബാങ്കിലെ ബാധ്യത ഒറ്റത്തവണ തീർപ്പാക്കാൻ ഒരു ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ നല്‍കിയ നോട്ടീസില്‍ പറയുന്നത്.
രണ്ട് പെണ്‍മക്കളുമായി ഇനി എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കവിത. ഭർത്താവ് ഉപേക്ഷിച്ചപ്പോഴും തളരാതെ പിടിച്ചു നിന്നു. കയറിക്കിടക്കാൻ കൂരയുണ്ട് എന്നതായിരുന്നു ഏക ആശ്വാസം. ഇനി അത് ബാങ്ക് കൊണ്ടുപോകുമെന്ന നിലയായതോടെ ഉറക്കം നഷ്ടപ്പെട്ടു. 2009 ലാണ് നാലു സെന്‍റ് സ്ഥലത്ത് വട്ടിയൂര്‍ക്കാവ് ഗ്രാമപഞ്ചായത്ത് ധനസഹായത്തോടെ വീട് വച്ചത്. എഴുപതിനായിരം രൂപ പഞ്ചായത്ത് വിഹിതവും ബാക്കി വായ്പയും എടുത്തു. വീടിന്‍റെ പണി പൂർത്തിയാക്കുന്നതിന് മുൻപ് രണ്ടു മക്കളെയും കവിതയെയും ഭർത്താവ് ഉപേക്ഷിച്ചു.
പിന്നീട് ഇങ്ങോട്ട് ആശ വര്‍ക്കര്‍ക്ക് കിട്ടിയ തുച്ഛമായ വരുമാനം കൊണ്ടാണ് കവിതയും രണ്ട് പെണ്‍മക്കളും ജീവിച്ചത്. ജീവിത പ്രയാസങ്ങള്‍ക്കിടെ തിരിച്ചടവ് മുടങ്ങി. പലിശയും ചേർത്ത് ബാങ്കില്‍ ഒരു ലക്ഷത്തി അൻപത്തി എണ്ണായിരം രൂപ കടമായി. നവകേരളീയം കുടിശ്ശിക നിവാരണത്തില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ അടച്ചാല്‍ മതിയെന്ന് ബാങ്കുകാർ പറഞ്ഞെങ്കിലും കറന്‍റ് ബില്‍ പോലും അടയ്ക്കാൻ പണമില്ലാത്ത കവിതയ്ക്ക് അതും സാധ്യമായില്ല. വേതനം കൂട്ടിക്കിട്ടാനുള്ള ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്‍റെ മുന്‍പന്തിയില്‍ കവിതയുണ്ട്. കവിതയ്ക്കിത് അക്ഷരാര്‍ത്ഥത്തില്‍ ജീവിത സമരമാണ്.