സൗദിയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിര്‍ബന്ധം


റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയില്‍ നിന്നുള്ള തീർഥാടകർക്ക് (പൗരന്മാരും വിദേശ താമസക്കാരും ഉള്‍പ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകള്‍ ബുക്ക് ചെയ്യാനോ കർമങ്ങള്‍ നിർവഹിക്കാനോ അനുമതി ലഭിക്കില്ല.

പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ് കർമങ്ങള്‍ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്‍റെ ഭാഗമാണ് ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

കൂടാതെ തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനും കോവിഡ്-19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. മന്ത്രാലയത്തിെൻറ ‘മൈ ഹെല്‍ത്ത്’ എന്ന മൊബൈല്‍ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെൻറ് എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്സിനേഷനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.