മാസമുറയെ രോഗമായി ചിത്രീകരിച്ച ഇൻഷുറൻസ് നിഷേധം: ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകണം

മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. വണ്ടൂർ-നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യൻ, ഭാര്യയുടെ ചികിത്സാ ചെലവിനായി നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 2020 മുതൽ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇൻഷുറൻസ് പോളിസി. 2023 ജൂണിൽ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1,07,027 രൂപ ചികിത്സയ്ക്കായി അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനി അറിയിച്ചു. എന്നാൽ രേഖകൾ പരിശോധിച്ച ശേഷം ചികിത്സാ ചെലവ് നൽകില്ലെന്നു അറിയിക്കുകയാണ് ഇൻഷുറൻസ് കമ്പനി ചെയ്തത്. 2018 ൽ രോഗി അമിത രക്തസ്രാവത്തിനു ഡോക്ടറെ കണ്ടിരുന്നു എന്നും അത് മറച്ചുവെച്ചുകൊണ്ടാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നും അതിനാൽ ആനുകൂല്യം നൽകാൻ കഴിയില്ലെന്നുമാണ് ഇൻഷുറൻസ് കമ്പനി വാദിച്ചത്. എന്നാൽ 2018 ൽ ഡോക്ടറെ കണ്ടതും 2023ൽ ചികിത്സ തേടിയതും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നും കമ്പനിയുടേത് സേവനത്തിലെ വീഴ്ചയാണെന്നും കമ്മീഷൻ വിധിച്ചു. മാത്രമല്ല യുവതിയായ ഒരു സ്ത്രീയുടെ മാസമുറയിൽ അമിതമായ രക്തമുണ്ടായിരുന്നാൽ അത് രോഗമായി കണക്കാക്കി ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം എന്നത് വിചിത്രമായ നിലപാടാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് ചികിത്സാ ചെലവ് 1,07,027 രൂപയും നഷ്ടപരിഹാരം ആയി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയുമാണ് പരാതിക്കാരന് നൽകണമെന്ന് വിധിച്ചത്. ഒരു മാസത്തിനകം വിധി സംഖ്യ നൽകാതിരുന്നാൽ വിധിയായ തീയതി മുതൽ 12% പലിശയും നൽകണമെന്ന്
കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.