മഞ്ഞപ്പടയുടെ നെഞ്ചിലേക്ക് നാല് ഷോട്ടുകള്‍; മെസിയില്ലാതിരുന്നിട്ടും ബ്രസീലിനെ 4-1ന് തോല്‍പ്പിച്ച്‌ അര്‍ജന്റീന


ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കൻ ശക്തികളുടെ പോരാട്ടത്തില്‍ കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ച്‌ ലോകചാമ്ബ്യന്മാരായ അർജന്റീന ലോകകപ്പ് യോഗ്യത നേടി.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നീലപ്പടയുടെ വിജയം. സൂപ്പർ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയിട്ടും അർജന്റീന സർവാധിപത്യം പുലർത്തി. ഗിയൂലിയാനോ സിമിയോണി, ജൂലിയൻ അല്‍വാരസ്, അലക്‌സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനക്കായി വല കുലുക്കിയത്. ആദ്യ മൂന്ന് ഗോളുകള്‍ ഒന്നാം പകുതിയിലും നാലാം ഗോള്‍ രണ്ടാം പകുതിയിലുമാണ് നേടിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ അല്‍വാരസാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.

മഞ്ഞപ്പടയുടെ ഞെട്ടല്‍ മാറും മുമ്ബേ 12-ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസും ലക്ഷ്യം കണ്ടു. 37-ാം മിനിറ്റില്‍ അലക്‌സിസ് മാക് അലിസ്റ്ററിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇതിനിടെ 26ാം മിനിറ്റില്‍ മാത്തിയാസ് കൂനിയ ബ്രസീലിനായി ഗോള്‍ മടക്കി. വിജയത്തോടെ യോഗ്യതാ പട്ടികയില്‍ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രസീലും കളത്തിലിറങ്ങിയത്. തോല്‍വിക്ക് ശേഷം ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ബൊളീവിയ ഉറുഗ്വേയ്‌ക്കെതിരെ സമനില വഴങ്ങിയതിനെത്തുടർന്നാണ് അർജന്റീന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. അതേസമയം, യോഗ്യത ഉറപ്പാക്കാൻ ബ്രസീലിന് ഇനിയും വിജയങ്ങള്‍ ആവശ്യമാണ്.

കൈയാങ്കളിയുടെ കാര്യത്തില്‍ സ്കോർബോർഡ് പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. 90 മിനിറ്റും വീറും വാശിയും നിറഞ്ഞുനിന്നു. പലപ്പോഴും താരങ്ങള്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ഏറെ പണിപ്പെട്ടാണ് റഫറിമാർ മത്സരം നിയന്ത്രിച്ചത്. 14 കളികളില്‍‍നിന്ന് 10-ാം ജയം കുറിച്ചാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ബ്രസീലിനെതിരെയുള്ള മത്സരത്തിന് മുമ്ബേ ബൊളീവിയ ഉറുഗ്വേയ്‌ക്കെതിരെ സമനില വഴങ്ങിയതിനെത്തുടർന്ന് അർജന്റീന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു.

31 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടില്‍ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടിയത്. 14 കളികളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്രസീല്‍ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് വീണു. 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 21 പോയിന്റുമായി ഉറുഗ്വായ് മൂന്നാമതുണ്ട്.