വഖഫ് നിയമ ഭേദഗതിക്കെതിരെ ബീഹാറിൽ മുസ് ലിം പേഴ്സണൽ ബോർഡ് മാർച്ച്.പിന്തുണയുമായി ഇ.ടി മുഹമ്മദ് ബഷീർ എംപി

ന്യൂ ഡൽഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ ബീഹാർ പറ്റ്നയിൽ മുസ് ലിം പേഴ്സണൽ ബോർഡ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി സംബന്ധിച്ചു. ഇന്നലെ ബീഹാർ പറ്റ്ന ഗർദനി ബാഗിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ കീഴിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ബീഹാറിൽ പ്രതിഷേധം ഒരുക്കിയത്.

കേന്ദ്ര സർക്കാർ വൈര നിര്യാതന ബുദ്ധിയോടെ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് മുസ്‌ലിം ലീഗിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് മുൻകൈയെടുത്തതിന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.

സംയുക്ത പാർലമെൻ്ററി കമ്മിറ്റി വഖഫ് വിഷയത്തിൽ സമർപ്പിച്ച റിപ്പോർട്ടും നടപടികളും ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമാണ്. സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളുമായി ചേർന്ന് നിന്ന് ശക്തമായി എതിർക്കുവാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ്.

ജെപിസി കമ്മിറ്റി അംഗങ്ങൾ പാർട്ടികളുടെ വാദങ്ങൾ ശരിയായ രീതിയിൽ കേൾക്കുക പോലും ചെയ്തിട്ടില്ല,

ഇത് തികച്ചും ജനാധിപത്യവിരുദ്ധവും നാടകീയവുമാണ്.

സെൻട്രൽ വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡും ട്രൈബ്യൂണലും നിഷ്പ്രഭമാക്കി അധികാരങ്ങൾ വക്രമായ രീതികളിലൂടെ പിടിച്ചെടുക്കുന്ന തരത്തിലണ് ഇപ്പോൾ ബില്ല് തരപ്പെടുത്തിയിരിക്കുന്നത്.

രാഷ്ട്രീയ ബില്ലിലൂടെ വഖഫിന്റെ നിർവചനം പോലും മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്.

ഇന്ത്യയിലുടനീളം മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

ഈ ക്രൂരമായ നിയമനിർമ്മാണത്തെ മുസ്‌ലിം ലീഗ് ശക്തമായി എതിർക്കും.

ഇതിനെതിരെ കോടതിയെ സമീപിക്കാനും മുസ്‌ലിം ലീഗ് മുൻപിൽ നിൽക്കുമെന്നും പ്രക്ഷോഭ സംഗമത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി.