അത് കിട്ടില്ലെന്ന് ഉറപ്പിച്ചതാണ് മുഹമ്മദ്, എങ്ങിലും ഒരു പരാതി നല്‍കി, മൊബൈല്‍ ഫോണ്‍ തിരികെ ഏല്‍പ്പിച്ച് പൊലീസ്
കോഴിക്കോട്: മോഷണം പോയ തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഹമ്മദിന്റെ കണക്കുകൂട്ടലുകള്‍ തിരുത്തിക്കുറിച്ച് വളയം പൊലീസ്.വളയം ഉമ്മത്തൂര്‍ സ്വദേശി മുഹമ്മദിന്റെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് വളയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും തിരികെ ലഭിക്കുമെന്ന് ഒരു പ്രതീക്ഷയും മുഹമ്മദിന് ഉണ്ടായിരുന്നില്ല. പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് ക്രിയാത്മകമായി ഇടപെട്ടു. സൈബര്‍ വിഭാഗത്തിന്റെ ചുമതലയുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍എം അനൂപ് പരാതി സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ മോഷ്ടാവ് ഫോണ്‍ നാദാപുരത്തെ കടയില്‍ വിറ്റതായി ബോധ്യമായി. ഈ ഫോണ്‍ തൂണേരി സ്വദേശി വാങ്ങിയതായും കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തിയ പോലീസ് ഫോണ്‍ പിടിച്ചെടുത്ത് മുഹമ്മദിന് കൈമാറുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഇവി ഫായിസ് അലിയാണ് ഫോണ്‍ ഉടമക്ക് കൈമാറിയത്.