17 വര്‍ഷമായി ജയിലില്‍, ഭാര്യക്ക് അസുഖമെന്നും കണിച്ചുകുളങ്ങര കേസ് പ്രതി സജിത്ത്; സുപ്രീം കോടതി ജാമ്യാപേക്ഷ മാറ്റി


ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു.ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത്‌ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. 17 വർഷമായി ജയിലാണെന്നും പ്രതി ഹർജിയില്‍ ആവശ്യപ്പെട്ടു. ജസ്‌റ്റിസ്‌ വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ്‌ ഹർജി പരിഗണിച്ചത്‌. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.

കേസ്‌ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതില്‍ അനുകൂല സമീപനമായിരുന്നു ബെഞ്ചിനെങ്കിലും കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ഹർജി മാറ്റിവെക്കുകയായിരുന്നു. ഹർജി ഏപ്രില്‍ 16ന്‌ വീണ്ടും പരിഗണിക്കും. കേസില്‍ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ്‌, സ്റ്റാൻഡിംഗ് കൗണ്‍സല്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. സജിത്തിനായി അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.