ഐപിഎല്‍: ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും നേര്‍ക്കുനേര്‍, ഹാര്‍ദ്ദിക് നായകനായി തിരിച്ചെത്തും
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. പതിവ് തെറ്റിക്കാതെ ഈ സീസണിലും തോല്‍വിയോടെയാണ് മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. പഞ്ചാബ് കിംഗ്സിനോട് പൊരുതി വീണ ഗുജറാത്ത് ടൈറ്റൻസ്. ആദ്യ ജയത്തിനായി ഇരു ടീമുകളും കൊമ്ബുകോർക്കുമ്ബോള്‍ തീപാറും പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
വിലക്ക് കാരണം ചെന്നൈയില്‍ കളിക്കാതിരുന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മ, റയാൻ റിക്കിള്‍ട്ടണ്‍, വില്‍ ജാക്സ്, സൂര്യകുമാർ, തിലക് വർമ്മ, റോബിൻ മിൻസ്. ചെന്നൈയോട് മുട്ടുമടക്കിയ വമ്ബൻ ബാറ്റിംഗ് നിര ആളിക്കത്തിയില്ലെങ്കില്‍ ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് ഈ സീസണും തലവേദനയാകും. മുംബൈയുടെ മലയാളി താരോദയം വിഗ്നേഷ് പുത്തൂരിനെ ഉറ്റുനോക്കുകയാണ് ആരാധകർ.
ചെന്നൈക്കെതിരെ ഇംപാക്‌ട് പ്ലെയർ ആയി ഇറങ്ങി ഞ്ഞെട്ടിച്ച വിഗ്നേഷ് മുംബൈയുടെ ബൗളിംഗ് നിരയിലുണ്ടാകും. ട്രെൻഡ് ബോള്‍ട്ടും ദീപക് ചഹറും നയിക്കുന്ന പേസ് നിരയിലേക്ക് ഹാർദ്ദിക് പാണ്ഡ്യ കൂടി എത്തുമ്ബോള്‍ മുംബൈക്ക് ബൗളിംഗില്‍ പേടിക്കാനില്ല. സ്വന്തം തട്ടകത്തില്‍ മുംബൈയെ വിറപ്പിക്കാൻ ഉറച്ചാണ് ഗുജറാത്ത് എത്തുന്നത്. പഞ്ചാബിനെതിരെ 243 റണ്‍സ് പിന്തുടർന്ന്, വെറും 11 റണ്‍സ് അകലെ ജയം കൈവിട്ട ഗുജറാത്തിന്‍റെ ബാറ്റിംഗ് നിരയെ മുംബൈ കരുതിയിരിക്കണം.
ശുഭ്മാൻ ഗില്‍, സായ് സുദർശൻ, ജോസ് ബട്‌ലർ, റുഥർഫോർഡ് എന്നിവരെല്ലാം ആദ്യ മത്സരത്തില്‍ മികവ് പുറത്തെടുത്തു. ബൗളിംഗ് യൂണിറ്റാണ് ഗുജറാത്തിന്‍റെ പോരായ്മ. മുഹമ്മദ് സിറാജും കാഗിസോ റബാഡയും നയിക്കുന്ന പേസ് നിര പ്രതീക്ഷ കാക്കണം. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റാഷിദ് ഖാന്‍റെ ഓവറുകളും നിർണായകമാകും. ഐപിഎല്ലില്‍ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റമുട്ടിയത് 5 തവണ. ഇതില്‍ മൂന്നിലും ജയിച്ചത് ഗുജറാത്തായിരുന്നു.