ലഹരിക്കെതിരെ ഗോളടിക്കാം, ഒരു സുഹൃത്തിനെ രക്ഷിക്കാം; പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും
മലപ്പുറം: ലഹരിക്കെതിരെ എന്റെ ഗോള്‍ പരിപാടിയുമായി ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗണ്‍സിലും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസില്‍ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ ‘ലഹരിക്കെതിരെ എന്റെ ഗോള്‍’ പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളില്‍ സമ്മർ ക്യാംപ് നടത്തും. ജീവിതത്തില്‍ നമ്മള്‍ ഒരു സുഹൃത്തിനെ ലഹരിയില്‍ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയില്‍ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്‌ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്യാംപയിന്റെ ഭാഗമായി യാത്ര സംഘടിപ്പിക്കും. ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്ന് പോകുന്ന യാത്രയില്‍ ജനപ്രതിനിധികളും കായിക താരങ്ങളും അണിനിരക്കും.
ജില്ലാ കലക്ടർ വി. ആർ.വിനോദ്, എം.എസ്.പി. കമാൻഡന്റ് എ.എസ്. രാജു എന്നിവർ മുഖ്യാതിഥിയായി. എ.ഡി.എം. എൻ.എം. മെഹറലി, പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. മഹേഷ് കുമാർ, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എ. ശ്രീകുമാർ, എം.എസ്.പി. അസിസ്റ്റന്റ് കമാഡന്റ് പി. ഹബീബു റഹിമാൻ, ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്ബർമാരായ കെ. മനോഹരകുമാർ, സി. സുരേഷ്, പി. ഹൃഷികേഷ് കുമാർ, കെ. അബ്ദുല്‍ നാസർ, എം.എസ്.പി. എച്ച്.എസ്.എസ്. പ്രിൻസിപ്പല്‍ രേഖ മേലയില്‍, ഹെഡ്മിസ്ട്രസ് സീത ടീച്ചർ, മഞ്ചേരി എക്‌സൈസ് സി ഐ. ലിജീഷ്, ഡി.എം.ഒ. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ഷാഹുല്‍ ഹമീദ്, എം.എസ്.പി. സ്‌കൂള്‍ പിടി.എ പ്രസിഡന്റ് ഫൈസല്‍ എന്നിവർ സംസാരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി. പി. അനില്‍കുമാർ, സെക്രട്ടറി വി ആർ അർജുൻ, ട്രോമാ കെയർ പ്രവർത്തകർ, മലപ്പുറം ഡോട്ട് അക്കാദമി കുട്ടികള്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.