മൈലാഞ്ചി തണുപ്പും പുത്തനുടുപ്പുകളും; ചെറിയ പെരുന്നാളിനെ വരവേല്‍ക്കാൻ അവസാനവട്ട ഒരുക്കത്തില്‍ വിശ്വാസികള്‍


മലപ്പുറം: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കേരളത്തിലെ വിശ്വാസികള്‍. മൈലാഞ്ചി ഇട്ടും പുത്തൻ ഉടുപ്പുകള്‍ വാങ്ങിയും പെരുന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകള്‍ സന്തോഷത്തിന്‍റെയും ഒത്തുചേരലിന്‍റെയും ഇടങ്ങളായി മാറി. കൈകളിലെ മൈലാഞ്ചി തണുപ്പാണ് പെരുന്നാളിന്‍റെ വരവറിയിക്കുന്നത്. മൈലാഞ്ചി ഇടാനും അണിയിക്കാനുമുള്ള തിരക്കിലാണ് പെണ്‍കുട്ടികള്‍. പെരുന്നാള്‍ ഉടുപ്പുകളും തയ്യാർ. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്.

കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത ഉണ്ടെന്നും നാളെ പെരുന്നാള്‍ ആകാൻ സാധ്യത ഉണ്ടെന്നും മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ പറഞ്ഞു. പെരുന്നാള്‍ സന്ദേശങ്ങള്‍ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. വഖഫ് വിഷയവും ഉന്നയിക്കുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

അതേസമയം ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈദുല്‍ ഫിത്തർ ആഘോഷം. ഗള്‍ഫ് രാജ്യങ്ങളിലെമ്ബാടും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകള്‍ നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.