പാറക്കെട്ടിലെ കുളത്തില്‍ സുഹൃത്തിനൊപ്പം കാല്‍കഴുകാൻ ഇറങ്ങി, നിലയില്ലാ കയത്തില്‍ പതിനാറുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തില്‍ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കില്‍ നിന്നും ശനിയാഴ്ച മുതല്‍ വെള്ളം നിറഞ്ഞൊഴുകിയിരുന്നു.
തുടർന്ന് ഇന്ന് രാവിലെയോടെ പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തില്‍ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാല്‍കഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാല്‍ രക്ഷിക്കാനായില്ല. തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ പുറത്തെടുത്തത്.
ഉടനെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഡിസംബറിലാണ് പിതാവുമായി അകന്നതിനെ തുടർന്ന് മാതാവ് സഹോദരി മൃദുലയ്ക്കൊപ്പം മിഥുനെ ക്രിസ്തുനിലയത്തില്‍ എത്തിച്ചത്. കോട്ടുകാല്‍ മരുതൂർക്കോണം പി.ടി.എം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്.