പവര്‍ പ്ലേയില്‍ മുംബൈയുടെ ആക്സിലറേഷൻ; കൊല്‍ക്കത്തയ്ക്ക് നെഞ്ചിടിപ്പ്


മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് എതിരായ റണ്‍ ചേസില്‍ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്ബോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.ഓപ്പണര്‍മാരായ റയാൻ റിക്കല്‍ട്ടൻ 31 റണ്‍സുമായും വില്‍ ജാക്സ് 8 റണ്‍സുമായും ക്രീസില്‍ തുടരുന്നു. 12 പന്തില്‍ 13 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.

ആദ്യ ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം വഴങ്ങിയ സ്പെൻസര്‍ ജോണ്‍സണ്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കി. ഹര്‍ഷിത് റാണ എറിഞ്ഞ രണ്ടാം ഓവറില്‍ ആദ്യ സിക്സര്‍ പിറന്നു. 2 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സ്. സ്പെൻസര്‍ ജോണ്‍സണ്‍ വീണ്ടും എത്തിയപ്പോള്‍ ഒരു സിക്സും ഫോറും പറത്തി റിക്കല്‍ട്ടൻ കടന്നാക്രമണം നടത്തി. ഈ ഓവറില്‍ ആകെ 13 റണ്‍സ് പിറന്നതോടെ മുംബൈയുടെ സ്കോര്‍ ഉയര്‍ന്നു. 3 ഓവറുകള്‍ പിന്നിട്ടപ്പോള്‍ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സ്.

രോഹിത്തിനെ അപേക്ഷിച്ച്‌ റിക്കല്‍ട്ടനായിരുന്നു പവര്‍ പ്ലേയില്‍ കൂടുതല്‍ അപകടകാരി. 4-ാം ഓവറിലും പിറന്നു 14 റണ്‍സ്. ഹര്‍ഷിത് റാണയുടെ ഓവറില്‍ ഒരു സിക്സറും രണ്ട് ബൗണ്ടറികളുമാണ് റിക്കല്‍ട്ടൻ അടിച്ചെടുത്തത്. 5-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇറക്കി കൊല്‍ക്കത്ത നടത്തിയ പരീക്ഷണം റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താൻ സഹായിച്ചു. വെറും 2 റണ്‍സ് മാത്രമാണ് 5-ാം ഓവറില്‍ നേടാനായത്. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ ആന്ദ്രെ റസിലിന് പന്ത് നല്‍കിയ അജിങ്ക്യ രഹാനെയുടെ പദ്ധതി വിജയം കണ്ടു. രണ്ടാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് ശര്‍മ്മയ്ക്ക് പിഴച്ചു. മിഡ് ഓഫില്‍ ഹര്‍ഷിത് റാണയുടെ ക്യാച്ചില്‍ രോഹിത് പുറത്ത്. പവര്‍ പ്ലേ അവസാനിക്കുമ്ബോള്‍ മുംബൈ 1ന് 55 എന്ന നിലയില്‍.