കര്‍ണാടകയില്‍ 9 കോടി, തമിഴകത്ത് വൻ കുറവ് ! 200 കോടിയുടെ എമ്ബുരാൻ മറ്റ് സംസ്ഥാനങ്ങളില്‍ നിറഞ്ഞാടിയോ ?


മാർച്ച്‌ 27ന് ഒരു സിനിമ മലയാളത്തില്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്- മോഹൻലാല്‍ കൂട്ടുകെട്ടിലെ ലൂസിഫർ ഫ്രാഞ്ചൈയിലുള്ള എമ്ബുരാൻ.വൻ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷ കാത്തെന്ന് മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫീസില്‍ തന്നെ റെക്കോർഡുകള്‍ സൃഷ്ടിച്ച്‌ മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തില്‍ 200 കോടി ക്ലബ്ബ് ചിത്രമെന്ന നേട്ടവും എമ്ബുരാൻ സ്വന്തമാക്കി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എമ്ബുരാൻ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇവിടങ്ങളില്‍ നിന്നും റിലീസ് ചെയ്ത നാല് ദിവസത്തില്‍ എമ്ബുരാൻ നേടിയ കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്. ബോക്സ് ഓഫീസ് സൈറ്റായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തില്‍ മാത്രമാണ് എമ്ബുരാൻ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുള്ളത്. 50 കോടിയാണ് കേരളത്തില്‍ നിന്നും എമ്ബുരാൻ നേടിയത്. ഏറ്റവും കുറവ് കളക്ഷൻ ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ്. 3.1 മാത്രമാണ് ഇവിടെ നിന്നും ചിത്രത്തിന് നേടാനായത്. ആദ്യദിനം 1.5 കോടി നേടിയപ്പോള്‍ മറ്റ് രണ്ട് ദിവസങ്ങളില്‍ അഞ്ച് ലക്ഷവും നാലാം ദിനം ആറ് ലക്ഷവും മാത്രമാണ് എമ്ബുരാന് നേടാനായത്.

കർണാടകയില്‍ നിന്നും 9.35 കോടി എമ്ബുരാൻ കളക്‌ട് ചെയ്തിട്ടുണ്ട്. ആദ്യദിനം 4 കോടിയാണ് എമ്ബുരാൻ കന്നഡ പതിപ്പ് നേടിയത്. 1.3 കോടി, 2.25 കോടി, 1.8 എന്നിങ്ങനെയാണ് മറ്റ് ദിനങ്ങളിലെ കളക്ഷൻ. വൻ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിച്ച തമിഴ്നാട് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ടില്‍ നിന്നും മനസിലാകുന്നത്. 5.95 കോടിയാണ് സംസ്ഥാനത്ത് നിന്നും നാല് ദിവസത്തില്‍ ലഭിച്ചത്. ആദ്യദിനം 2.25 കോടി നേടിയപ്പോള്‍, രണ്ടാം ദിനം 9 ലക്ഷമാണ് എമ്ബുരാന് തമിഴ്നാട് നേടാനായത്. 1.3 കോടി, 1.5 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്. വിക്രം ചിത്രം ധീര സൂര വീരൻ തിയറ്ററില്‍ ഉള്ളതും എമ്ബുരാന് തമിഴകത്ത് ഭീഷണിയായിട്ടുണ്ട്.