ശൂന്യതയില്‍ നിന്ന് അശ്വിനി കുമാര്‍! മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്‌ത്തൊന്നും എവിടേയും പോവില്ല


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ച് സ്‌ട്രെങ്ത് അങ്ങനെയൊന്നും കുറയില്ലെന്ന് തെളിയിക്കുകയാണ് അശ്വനി കുമാറിന്റെ അരങ്ങേറ്റം.ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയുടെ നായകനെ പുറത്താക്കിയാണ് അശ്വനി തുടങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചായ താരം, ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച അരങ്ങേറ്റമാണ് സ്വന്തമാക്കിയത്. ടോസിനിടെ ടീമില്‍ ഒരു അരങ്ങേറ്റക്കാരനുണ്ടെന്ന് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞപ്പോള്‍ ഇത്ര പഞ്ച് പ്രതീക്ഷിച്ചില്ല.

എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പുറത്ത്. ഐപിഎല്ലില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന നാലാമത്തെ മാത്രം താരമായി അശ്വനി കുമാര്‍. പിന്നെ അശ്വിനി എത്തിയത് പതിനൊന്നാം ഓവറില്‍. ഇക്കുറി ഹിറ്റര്‍ റിങ്കു സിങ്ങിനെ ആദ്യ വീഴ്ത്തി. പിന്നാലെ മനീഷ് പാണ്ഡെയും അശ്വിനിക്ക് മുന്നില്‍ വീണു. പതിമൂന്നാം ഓവറില്‍ അശ്വിനി, റസല്‍ പോരാട്ടം. ബൗണ്ടറി നേടി വിറപ്പിക്കാന്‍ ശ്രമിച്ച റസലിനെ ഞെട്ടിച്ചു അശ്വനി.

മൂന്ന് ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റ്. ഐപിഎല്ലിലെ മികച്ച അരങ്ങേറ്റത്തിലേക്ക് തന്റെ പേര് ചേര്‍ത്തു അശ്വനി. മത്സരത്തനി മുമ്ബ് സമ്മര്‍ദമുണ്ടായിരുന്നെന്നും പ്രകടനത്തില്‍ നാട്ടിലെ എല്ലാവരും സന്തോഷിക്കുന്നുണ്ടാവുമെന്നും അശ്വനി. പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച അശ്വനി കുമാര്‍ 30 ലക്ഷം രൂപയ്ക്കാണ് ടീമിലേക്കെത്തിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിനൊപ്പമായിരുന്ന അശ്വനിക്ക് ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.

2023ലെ ഷേര്‍ ഇ പഞ്ചാബ് ട്രോഫിയില്‍ വിക്കറ്റ് വേട്ട നടത്തിയതോടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിങ് ടീമിന്റെ ശ്രദ്ധ അശ്വനിയിലേക്ക് എത്തിയത്. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് അശ്വനി കുമര്‍ ഇതുവരെ കളിച്ചത്. നേടിയത് മൂന്ന് വിക്കറ്റ്. നാല് ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റും നേടി. നാല് ട്വന്റി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ നേടാനായത് രണ്ട് വിക്കറ്റ് ആണ്.