ഇന്ത്യയില്‍ ഇലക്‌ട്രിക്ക് കാര്‍ വില കുത്തനെ കുറയും! ടെസ്‍ല വരും മുമ്ബേ നിര്‍ണായക നീക്കവുമായി ചൈനീസ് ഭീമൻ
ഇന്ത്യൻ ഇലക്‌ട്രിക് വാഹന (ഇവി) വിപണിയില്‍ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ മുൻനിര ഇലക്‌ട്രിക് വാഹന നിർമ്മാതാക്കള്‍ രാജ്യത്ത് പ്രവേശിച്ചുകൊണ്ടിരിക്കുന്നു.അതുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇവി വിപണി. അമേരിക്കൻ വാഹന ഭീമനായ ടെസ്‌ലയും ഇന്ത്യയിലേക്ക് വരികയാണ്. അതേസമയം ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി (ബില്‍റ്റ് യുവർ ഡ്രീം) ഇതിനകം തന്നെ രാജ്യത്തെ പ്രീമിയം ഉല്‍പ്പന്ന ശ്രേണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഗോള ഇലക്‌ട്രിക് വാഹന വിപണിയിലെ കടുത്ത എതിരാളികളാണ് ബിവൈഡിയും ടെസ്‌ലയും. വില്‍പ്പന അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന കമ്ബനിയായി ബിവൈഡി അടുത്തിടെ ടെസ്‌ലയെ മറികടന്നിരിക്കുന്നു.
ഇന്ത്യയിലെ വിപണി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, തെലങ്കാനയിലെ ഹൈദരാബാദില്‍ ഒരു ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാൻ ബിവൈഡി പദ്ധതിയിടുന്നു എന്നാണ് പുതിയ റിപ്പോർട്ടുകള്‍. ദി ഫിലോക്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് വാഹന നിർമ്മാതാക്കള്‍ ഒരു പുതിയ ഇവി നിർമ്മാണ പ്ലാന്റില്‍ 85,000 കോടി രൂപ (10 ബില്യണ്‍ ഡോളർ) നിക്ഷേപിക്കാൻ ആലോചിക്കുന്നു. ഈ പദ്ധതിക്കായി കമ്ബനി നിലവില്‍ തെലങ്കാനയില്‍ 500 ഏക്കറില്‍ അധികം ഭൂമി വാങ്ങുന്ന കാര്യം വിലയിരുത്തുകയാണ്.
2032 ആകുമ്ബോഴേക്കും വരാനിരിക്കുന്ന ബിവൈഡി നിർമ്മാണ പ്ലാന്റിന് 6,00,000 വാഹനങ്ങളുടെ വാർഷിക ഉല്‍പ്പാദന ശേഷി ഉണ്ടായിരിക്കും. കൂടാതെ, ബാറ്ററി ഉല്‍പ്പാദന സൗകര്യത്തിന് 20GWh ശേഷി ഉണ്ടായിരിക്കും. ബിവൈഡിയുടെ പുതിയ ഇവി നിർമ്മാണ പ്ലാന്‍റ് കമ്ബനിക്ക് മത്സരാധിഷ്ഠിത വില കൈവരിക്കാൻ സഹായിക്കുകയും സിബിയു കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ് ആയി ഇന്ത്യയിലേക്ക് ഇവികള്‍ ഇറക്കുമതി ചെയ്യുന്ന ടെസ്‌ലയ്ക്ക് കടുത്ത മത്സരം നല്‍കുകയും ചെയ്യും.
1995-ല്‍ ചൈനയിലെ ഷെൻഷെനില്‍ റീചാർജ് ചെയ്യാവുന്ന ബാറ്ററി നിർമ്മാതാവായാണ് ബിവൈഡി കമ്ബനി സ്ഥാപിതമായത്. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ബാറ്ററികള്‍ വിതരണം ചെയ്തുകൊണ്ടാണ് കമ്ബനി തുടക്കത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്. 2003-ല്‍, ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്ബ് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുമായി ബിവൈഡി കാർ വിപണിയില്‍ പ്രവേശിച്ചു. കമ്ബനി ആഗോളതലത്തില്‍ ശ്രദ്ധ നേടി, 2008-ല്‍ വാറൻ ബഫറ്റ് ബിവൈഡിയില്‍ 10 ശതമാനം ഓഹരി സ്വന്തമാക്കിയത് കമ്ബനിയുടെ ചരിത്രത്തില്‍ ഒരു പ്രധാന വഴിത്തിരിവായി മാറി.
ഇലക്‌ട്രോണിക്സ് വിഭാഗത്തില്‍ പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 2007 ല്‍ ഇന്ത്യൻ പ്രവർത്തനങ്ങള്‍ ബിവൈഡി ആരംഭിച്ചു. 2013 ല്‍ ചെന്നൈയില്‍ ബിവൈഡി തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് ബസ് അവതരിപ്പിച്ചു, തുടർന്ന് ഇ6 പ്രീമിയം എംപിവി, അറ്റോ3 ഇലക്‌ട്രിക് എസ്‌യുവി, സീല്‍ ഇലക്‌ട്രിക് സെഡാൻ, ഏറ്റവും പുതിയ സീലിയൻ 7 ഇലക്‌ട്രിക് എസ്‌യുവി തുടങ്ങിയവ ഉള്‍പ്പെടെ നിരവധി ഇലക്‌ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചു. ബിവൈഡിയുടെ ഇലക്‌ട്രിക് കാറുകള്‍ അവയുടെ നൂതന ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ, സവിശേഷതകള്‍, വേഗത്തിലുള്ള ചാർജിംഗ് കഴിവുകള്‍, ഉയർന്ന പ്രകടനം, പ്രീമിയം വിഭാഗത്തിലെ താങ്ങാനാവുന്ന വില എന്നിവയാല്‍ ലോകപ്രശസ്‍തമാണ്.