ഒന്ന് എഴുതാൻ പഠിപ്പിച്ചതാ, ഫൈൻ എഴുതി നല്‍കി ബിസിസിഐ; നോട്ട്ബുക്ക് സെലിബ്രേഷനില്‍ ദിഗ്‌വേഷ് രാത്തിക്ക് ശിക്ഷ


ലഖ്‌നൗ: ആ പരിപാടി ഇവിടെ വേണ്ട, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌പിന്നര്‍ ദിഗ്‌വേഷ് സിംഗ് രാത്തിക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ബിസിസിഐ.പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നോട്ട്‌ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍ നടത്തിയതിനാണ് ദിഗ്‌വേഷിനെതിരെ ബിസിസിഐയുടെ അച്ചടക്ക നടപടി. പഞ്ചാബ് കിംഗ്സിന്‍റെ യുവ ബാറ്റര്‍ പ്രിയാന്‍സ് ആര്യയെ പുറത്താക്കിയ ശേഷം നോട്ട്‌ബുക്കില്‍ എഴുതുന്നതായി ആംഗ്യം കാട്ടി വിക്കറ്റാഘോഷം നടത്തിയാണ് ദിഗ്‌വേഷ് സിംഗ് രാത്തി പുലിവാല്‍ പിടിച്ചത്.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ ഐപിഎല്‍ പെരുമാറ്റ ചട്ടലംഘനത്തിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ബൗളര്‍ ദിഗ്‌വേഷ് സിംഗ് രാത്തിക്ക് മാച്ച്‌ ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും വിധിക്കുന്നു- എന്നാണ് വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐയുടെ അറിയിപ്പ്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം ലെവല്‍ 1 കുറ്റം ദിഗ്‌വേഷ് രാത്തി ചെയ്തതായി ബിസിസിഐ കണ്ടെത്തി.

ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പെയ് ഏകനാ സ്റ്റേഡിയം വേദിയായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയ ശേഷമായിരുന്നു ദിഗ്‌വേഷ് സിംഗ് രാത്തിയുടെ വിവാദ ആഘോഷം. 9 പന്തുകളില്‍ 8 റണ്‍സുമായി ആര്യ പവലിയനിലേക്ക് മടങ്ങുമ്ബോള്‍ ദിഗ്‌വേഷ് അദേഹത്തിനടുത്തെത്തി സാങ്കല്‍പിക നോട്ട്‌ബുക്കില്‍ എഴുതുന്ന രീതിയില്‍ ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഡല്‍ഹി ടി20 ലീഗില്‍ ഇരുവരും സഹതാരങ്ങളായതിനാല്‍ സൗഹൃദത്തിന്‍റെ പേരിലാണ് രാത്തി ഇത്തരമൊരു കടന്ന വിക്കറ്റാഘോഷത്തിന് മുതിര്‍ന്നത് എന്നായിരുന്നു പല ആരാധകരുടെയും വാദം. എന്നാല്‍ ഈ വിക്കറ്റാഘോഷം ഐപിഎല്ലിന് ചേരുന്നതല്ല എന്ന് വ്യക്തമാക്കി ബിസിസിഐ ദിഗ്‌വേഷ് സിംഗ് രാത്തിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.

എതിര്‍ ബാറ്റര്‍മാരെ പുറത്താക്കുമ്ബോള്‍ കൈയില്‍ എഴുതി കാണിക്കുന്ന തരത്തിലുള്ള നോട്ട്‌ബുക്ക് സെലിബ്രേഷന്‍ ക്രിക്കറ്റില്‍ മുമ്ബും ആരാധകര്‍ കണ്ടിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ കെസ്രിക് വില്യംസാണ് ഈ സെലിബ്രേഷന്‍ ഏറ്റവും കൂടുതല്‍ തവണ നടത്തിയ താരം. 2017ല്‍ ഒരു ടി20 മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കിയ ശേഷം നോട്ട്‌ബുക്ക് സെലിബ്രേഷന്‍ കെസ്രിക് വില്യംസ് നടത്തിയിരുന്നു. എന്നാല്‍ 2019ല്‍ വില്യംസിനെ സിക്‌സര്‍ പറത്തി കോലി തിരിച്ച്‌ അതേ നാണയത്തില്‍ മറുപടി നല്‍കിയതും ചരിത്രം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വാള്‍ട്ടണെതിരെ കെസ്രിക് വില്യംസ് നടത്തിയ നോട്ട്‌ബുക്ക് സെലിബ്രേഷനും കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു. അന്ന് കെസ്രിക്കിനെ ബൗണ്ടറി കടത്തി വാള്‍ട്ടണ്‍ സമാന ആംഗ്യത്തിലൂടെ ഉരുളയ്ക്ക് ഉപ്പേരി മറുപടി നല്‍കുകയും ചെയ്തു.

ചരിത്രം എന്തൊക്കെയായാലും ഇത്തരം വിചിത്ര ആഘോഷങ്ങള്‍ക്ക് ഐപിഎല്ലില്‍ സ്ഥാനമില്ല എന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. എതിര്‍ താരത്തെ അപമാനിക്കുകയാണ് നോട്ട്‌ബുക്ക് സെലിബ്രേഷനിലൂടെ ഒരു താരം ചെയ്യുന്നത് എന്നാണ് ബിസിസിഐയുടെ പക്ഷം.