പൊലീസ് എന്‍കൗണ്ടര്‍, രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഭോപ്പാല്‍: മധ്യപ്രദേശ്‍ പൊലീസ് ബുധനാഴ്ച രാവിലെ നടത്തിയ ഓപ്പറേഷനില്‍ ആയുധധാരികളായ രണ്ട് മവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു.കൊല്ലപ്പെട്ട രണ്ട് പേരും വനിതകളാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് കുറച്ച് നാളുകളായി നടന്നു വരുകയായിരുന്നു. ഛത്തീസ്ഗഡില്‍ നിന്നുള്ള മമ്ത, പ്രമീള എന്നീ യുവതികളെയാണ് പൊലീസ് കൊലപ്പെടുത്തിയത്.
മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും ബാലഘട്ട്, മാണ്ട്ല, കവാർധ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു മമ്തയുടേയും പ്രമീളയുടേയും പ്രവര്‍ത്തനം. ബിച്ചിയ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് സമീപത്തുള്ള കാടിനകത്തു നടത്തിയ ഒപ്പറേഷനില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബാലഘട്ട് ജില്ലയിലെ വനമേഖലയില്‍ ഫെബ്രുവരി 19 ന് നടത്തിയ സമാന ഓപ്പറേഷനില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. 42 ദിവസമായി പൊലീസിന്‍റെ സ്‌പെഷ്യല്‍ ഹോക്ക് ഫോഴ്‌സ് മേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.