തൃശൂർ: പണം നല്‍കാത്തതിന് അമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ച മകൻ അറസ്റ്റില്‍. കൈപ്പമംഗലം മൂന്നുപീടിക സുജിത്ത് സെന്ററില്‍ വളവത്ത് വീട്ടില്‍ അജയൻ (അജു 41) ആണ് അറസ്റ്റിലായത്.പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയില്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അജയൻ അറസ്റ്റിലായത്.
അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നയാളാണ്. ഇന്നലെ രാത്രി 07.30 ന് അജയൻ സുജിത്ത് സെന്ററിലുള്ള വീട്ടിലേക്ക് കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. എന്റെ കൈയ്യില്‍ പണമില്ല എന്ന് പറഞ്ഞപ്പോള്‍ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തിപ്പിടിച്ചു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന അജയന്റെ ചേട്ടൻ ബിജു ഓടി വന്ന് അജയനെ പിടിച്ചു മാറ്റി.
അജയൻ കുതറി മാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്നിരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയില്‍ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേല്‍പിക്കുകയായിരുന്നു. കുത്തേറ്റതില്‍ തങ്കയുടെ കൈയ്യിലെ 2 ഞെരമ്ബുകള്‍ മുറിഞ്ഞു. തങ്ക ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയില്‍ നിന്നാണ് പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു. കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ടി അഭിലാഷ്, മുഹമ്മദ് സിയാദ്, എ എസ് ഐ പി കെ നിഷി , സിപിഒ മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്.