രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 25 മുതൽ മെയ് നാല് വരെ കോട്ടക്കൽ പുത്തൂർ ബൈപാസിലാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, എ മുഹമ്മദ് ഹനീഫ പദ്ധതി വിശദീകരിച്ചു. കോട്ടക്കൽ നഗരസഭ ചെയപേഴ്‌സൺ
ഡോ ഹനീഷ, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാൻ കാരാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി മാധവൻകുട്ടി വാര്യർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു എന്നിവർ സംസാരിച്ചു.
തനത് രുചികളെ പരിചപ്പെടുത്തുക, ഭക്ഷ്യമേഖലയിൽ പുതിയ വ്യവസായങ്ങളേയും സംരഭകരേയും സൃഷ്ടിക്കുക, പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രമുഖ ബ്രാൻഡുകൾക്കും വ്യക്തികൾക്കും ആദരവും അംഗീകാരവും നൽകുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യം. അന്തർദേശീയ നിലവാരത്തിലാണ് ഭക്ഷ്യമേള ഒരുക്കുന്നത്. നവ സംരംഭകർക്ക് സഹായം, തനത് കലകളുടെ അവതരണം എന്നിവയും മേളയിലുണ്ടാവും.
രാജ്യത്തെ പലദേശങ്ങളിലെ ഷെഫുമാരുടെ നേതൃത്വത്തിൽ തനത് രുചിക്കൂട്ടുകൾ മെസ മലബാറിക്കയുടെ തീൻമേശയിലുണ്ടാകും. കശ്മീരി വാസ്വാൻ, ഹൈദരാബാദി ദാവത്ത്, മലബാറിലെ രുചിപ്പെരുമയായ കുറ്റിച്ചിറ തക്കാരം, വള്ളംകളികളുടെ നാട്ടിൽ നിന്ന് ആറൻമുള സദ്യ, രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഉത്തരേന്ത്യൻ വിഭവങ്ങൾ, അതോടൊപ്പം, കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി രുചിക്കൂട്ടുകളും മേളയിലുണ്ടാവും.