ആര്‍സിബിയെ തോല്‍പ്പിച്ചു, പിന്നാലെ ഗില്ലിനും ഗുജറാത്തിനും തിരിച്ചടി; സൂപ്പര്‍ താരത്തിന് ഐപിഎല്‍ നഷ്ടമാകുമോ?


റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആധികാരികമായി പരാജയപ്പെടുത്തിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി. സൂപ്പര്‍ താരവും പേസ് ബൗളറുമായ കഗിസൊ റബാഡ നാട്ടിലേക്ക് മടങ്ങിയതാണ് ഗുജറാത്തിന് വെല്ലുവിളിയായിരിക്കുന്നത്.താരം വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ടീം വ്യക്തമാക്കിയിരുന്നു. പക്ഷേ, റബാഡ ടീമിനൊപ്പം എന്ന് ചേരുമെന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്താൻ ടീം മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.

ബെംഗളൂരുവിനെതിരായ മത്സരത്തില്‍ റബാഡ കളിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും ഗുജറാത്തിനായി പന്തെറിഞ്ഞ റബാഡയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയിരുന്നു. പഞ്ചാബ് കിങ്സിനെതിരെ 41 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ 42 റണ്‍സും വഴങ്ങി. മുംബൈക്കെതിരെയും ഒരു വിക്കറ്റ് മാത്രമായിരുന്നു സമ്ബാദ്യം.

റബാഡയ്ക്ക് പകരക്കാരനായി അര്‍ഷദ് ഖാനായിരുന്നു ഗുജറാത്ത് നിരയില്‍ ഇടം നേടിയത്. ബെംഗളൂരുവിന്റെ വിരാട് കോഹ്ലിയെ മടക്കാൻ അര്‍ഷദ് ഖാന് സാധിച്ചിരുന്നു. റബാഡയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കൻ സഹതാരംകൂടിയായ ജെറാള്‍ഡ് കോറ്റ്സിയെ ഗുജറാത്ത് പരിഗണിച്ചേക്കും. 2.4 കോടി രൂപയ്ക്കാണ് കോറ്റ്സിയെ ഗുജറാത്ത് താരലേലത്തില്‍ സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാൻ ഓള്‍ റൗണ്ടര്‍ കരിം ജന്നത്തിനാണ് മറ്റൊരു സാധ്യത.

ബെംഗളൂരുവിനെതിരെ മികച്ച വിജയം നേടിയാണ് ഗുജറാത്ത് പോയിന്റ് പട്ടികയില്‍ കുതിപ്പ് നടത്തിയത്. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് ബെംഗളൂരുവിന് നേടാനായത്. ലിയാം ലിവിങ്സ്റ്റണിന്റെ അര്‍ദ്ധ സെഞ്ചുറിയും ജിതേഷ് ശര്‍മയുടേയും ടിം ഡേവിഡിന്റേയും ഇന്നിങ്സുകളുമായിരുന്നു ബെംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

മുഹമ്മദ് സിറാജായിരുന്നു പന്തുകൊണ്ട് ഗുജറാത്തിനായി തിളങ്ങിയത്. 19 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് താരം നേടി. മറുപടി ബാറ്റിങ്ങില്‍ ജോസ് ബട്ട്ലറിന്റെ അര്‍ദ്ധ സെഞ്ചുറിയായിരുന്നു ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. 39 പന്തിലായിരുന്നു ബട്ട്ല‍ര്‍ 73 റണ്‍സ് നേടിയത്. സായ് സുദര്‍ശനും റുതര്‍ഫോഡും തിളങ്ങി.