വെടിക്കെട്ടിന് തുടക്കമിട്ടത് ജയ്സ്വാള്‍, ഫിനിഷ് ചെയ്തത് പരാഗ്; പഞ്ചാബിനെതിരെ രാജസ്ഥാന് കൂറ്റൻ സ്കോര്‍
പാട്യാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയല്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി.67 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍.
മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോമിന്‍റെ പേരില്‍ ഏറെ പഴി കേട്ടിരുന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇന്ന് ഫോമിലേയ്ക്ക് ഉയര്‍ന്നതാണ് രാജസ്ഥാന്‍റെ ഇന്നിംഗ്സില്‍ നിര്‍ണായകമായത്. ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ തന്നെ ജയ്സ്വാള്‍ ഫോമിലേയ്ക്ക് ഉയരുന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മാര്‍ക്കോ യാൻസൻ എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തിയ ജയ്സ്വാള്‍ പഞ്ചാബിന് മുന്നറിയിപ്പ് നല്‍കി.
ഓപ്പണര്‍മാരുടെ കരുത്തില്‍ പവര്‍ പ്ലേ അവസാനിക്കും മുമ്ബ് തന്നെ ടീം സ്കോര്‍ 50 കടന്നിരുന്നു. 10.2 ഓവറില്‍ സ്കോര്‍ 89 റണ്‍സില്‍ എത്തി നില്‍ക്കവെ 38 റണ്‍സ് നേടിയ സഞ്ജു പുറത്തായി. 26 പന്തുകള്‍ നേരിട്ട സഞ്ജു 6 ബൗണ്ടറികള്‍ പറത്തിയിരുന്നു. സഞ്ജു മടങ്ങിയതിന് പിന്നാലെ ജയ്സ്വാള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 12-ാം ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. 13-ാം ഓവറിലും ആക്രമണം തുടര്‍ന്ന ജയ്സ്വാള്‍ 14-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ലോക്കി ഫെര്‍ഗൂസന്‍റെ നക്കിള്‍ബോളിന് മുന്നില്‍ കീഴടങ്ങി. 45 പന്തുകള്‍ നേരിട്ട ജയ്സ്വാള്‍ 5 സിക്സറുകളുടെയും 3 ബൗണ്ടറികളുടെയും അകമ്ബടിയോടെ 67 റണ്‍സ് സ്വന്തമാക്കിയാണ് മടങ്ങിയത്.
അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തിളങ്ങിയ നിതീഷ് റാണ ഇന്ന് നിരാശപ്പെടുത്തി. 7 പന്തുകള്‍ നേരിട്ട റാണയ്ക്ക് വെറും 12 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിയാൻ പരാഗും ഷിമ്രോണ്‍ ഹെറ്റ്മെയറുമാണ് രാജസ്ഥാന്‍റെ സ്കോര്‍ കടത്താൻ 200 കടത്താൻ സഹായിച്ചത്. 25 പന്തില്‍ 43 റണ്‍സ് നേടിയ പരാഗ് പുറത്താകാതെ നിന്നു. 5 പന്തുകളില്‍ 13 റണ്‍സ് നേടിയ ധ്രുവ് ജുറെലിന്‍റെ ഇന്നിംഗ്സും നിര്‍ണായകമായി.