ഇതൊരു കൊച്ചുപടം ആ സൈഡിലൂടെ ഇറങ്ങട്ടെ: ഇഡ്‍ലി കടൈയുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് !


ചെന്നൈ: ധനുഷ് വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷ് നായകനായും ചിത്രത്തില്‍ എത്തുന്നു.നിത്യാ മേനനനാണ് ചിത്രത്തിലെ നായിക.ഇഡ്‍ലി കടൈയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഏപ്രില്‍ 10ന് എത്തും എന്ന് പറഞ്ഞിരുന്ന പടം പിന്നീട് ചില ഭാഗങ്ങളുടെ ഷൂട്ട് അടക്കം ബാക്കിയുള്ളതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്റര്‍ പ്രകാരം ചിത്രം 2025 രണ്ടാം പാദത്തില്‍ മാത്രമേ പുറത്തിറങ്ങു. ഒക്ടോബര്‍ 1നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക എന്നാണ് അറിയിപ്പ്. അരുണ്‍ വിജയ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേ സമയം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‍സ് 45 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടി എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇഡ്‍ലി കടൈ. പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്‌എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ്.

നടൻ ധനുഷിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ചിത്രം നിലാവുക്ക് എൻമേല്‍ എന്നടി കോപം ആണ്. ഫെബ്രുവരിയില്‍ എത്തിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നില്ല.

ഏപ്രില്‍ 10ന് അജിത്തിന്‍റെ ഗുഡ് ബാഡ് അഗ്ലി റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേരത്തെ ഇഡ്‍ലി കടൈ റിലീസ് മാറ്റിയത്. പിന്നീട് തുടര്‍ച്ചയായി റിലീസുകള്‍ വരുന്നതിനാല്‍ അണിയറക്കാര്‍ ഒടുവില്‍ ചിത്രത്തിന്‍റെ റിലീസ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം.