മലപ്പുറം ഇനി സൂപ്പർ ക്ലീൻ: മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനം നടത്തി
മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനം നടത്തി. കോട്ടക്കുന്ന് ഡി ടി പി സി ഹാളിൽ നടന്ന ചടങ്ങ് പി ഉബൈദുല്ല എം എൽ എ ഉദ്ഘാടനം ചെയ്തു. മാലിന്യത്തെ തുടച്ചു നീക്കാൻ ഇനിയും ജനകീയ പങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും അക്ഷയയിലും കുടുംബശ്രീയിലും ജില്ല മാതൃക സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യമുക്ത കേരളത്തിനു വേണ്ടിയും ഈ മാതൃക നാം പിന്തുടരണം. മാലിന്യം സംസ്‌കരിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ഇതിന് വേണ്ടി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ പ്രതിഷേധം ഉയരുന്ന സാഹചര്യമുണ്ട്. ഈ മനോഭാവത്തിൽ മാറ്റം വരണമെന്നും ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കർമ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചത്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വീടുകളും സ്ഥാപനങ്ങളുമുള്ള ജില്ലയിൽ മാർച്ച് മാസത്തിൽ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിത കർമ്മ സേനക്ക് ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കൾ നൽകി. ഹരിത ടൗണുകൾ -145, ഹരിത മാർക്കറ്റ് പൊതുവിടങ്ങൾ – 141, ഹരിത വിദ്യാലയം- 1606, ഹരിത കലാലയങ്ങൾ- 156, ഹരിത ഓഫീസുകൾ- 5124, ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങൾ -13, ഹരിത അയൽക്കൂട്ടങ്ങൾ-33532 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്. 3489 ഹരിതകർമ സേന അംഗങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്. 253 ഇടങ്ങളിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചത്. ശുചിത്വ പദവി നിലനിർത്തുന്നതിനും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പിലാക്കുന്നതിനും സുസ്ഥിര സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും ഊർജിതമായ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തുടർന്നും നടപ്പാക്കും.
ചടങ്ങിൽ മാലിന്യ സംസ്‌കരണ മേഖലയിൽ മികവ് പുലർത്തിയ പഞ്ചായത്ത്, നഗരസഭ, ബോക്ക്, സ്ഥാപനം, സി ഡി എസ് എന്നിവയെ അനുമോദിച്ചു. അഡ്വ. യു എ ലത്തീഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ വി ആർ വിനോദ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസൻ ആറ്റുപുറം, തിരൂങ്ങാടി നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, കലാം മാസ്റ്റർ, പി സെതലവി, ജി വരുൺ, പ്രീതി മേനോൻ, ലതിക, സുരേഷ്, ബീന സണ്ണി, കെ ശ്രീധരൻ, പി എസ് വരുൺ ശങ്കർ തുടങ്ങിയവർ സംസാരിച്ചു. വി കെ മുരളി സ്വാഗതവും പി ബി ഷാജു നന്ദിയും പറഞ്ഞു.