ആലപ്പുഴയുടെ കയര്‍ പെരുമ ഇനി റെയില്‍വേയിലേക്ക്; ട്രാക്കുകള്‍ക്ക് ഇരുവശവും കയര്‍ ഭൂവസ്ത്രം വിരിച്ച് പുത്തൻ പരീക്ഷണം
ആലപ്പുഴ: ആലപ്പുഴയുടെ കയർ പെരുമ ഇന്ത്യൻ റെയില്‍വേയിലേക്ക് കൂടി വ്യാപിക്കുകയാണ്. മണ്ണൊലിപ്പ് തടയാൻ ട്രാക്കുകള്‍ക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ചിരിക്കുകയാണ് റെയില്‍വേ.കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ പദ്ധതി ആവിഷ്കരിച്ചു. വലിയ വിപണി സാധ്യതയാണ് കയർ മേഖലയ്ക്ക് ഇതുവഴി റെയില്‍വേ തുറന്ന് വയ്ക്കുന്നത്.
റെയില്‍വേ ട്രാക്കിന് ഇരുവശത്തുമുള്ള മണ്ണൊലിപ്പ് തടയാനും മെറ്റലുകള്‍ ഊർന്നു പോകുന്നത് ഒഴിവാക്കാനുമാണ് കയർ ഭൂവസ്‌ത്രങ്ങള്‍ വിരിക്കുന്നത്. നിലവില്‍ കൊല്ലത്തെ ഇടവ, പെരുമണ്‍, കാപ്പില്‍, മയ്യനാട്, മണ്‍റോതുരുത്ത്, കല്ലടയാർ, ഇടച്ചാല്‍ എന്നിവിടങ്ങളിലെ റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം കയർ ഭൂവസ്‌ത്രങ്ങള്‍ പാകിയിട്ടുണ്ട്. കൊല്ലം, കണ്ണൂർ, നേമം എന്നിവിടങ്ങളില്‍ ഉടൻ കയർ ഭൂവസ്ത്രങ്ങള്‍ വിരിക്കാനും തീരുമാനമായിട്ടുണ്ട്.
മറ്റിടങ്ങളിലും പദ്ധതി നടപ്പാക്കാനുള്ള ആലോചനയിലാണ് റെയില്‍വേ. കൂത്താട്ടുകുളം ആസ്ഥാനമായ സുരഭി എർത്ത് മൂവേഴ്സാണ് കയർഭൂവസ്ത്രങ്ങള്‍ വിരിക്കുന്നതിന് കരാർ എടുത്തത്. നൂറു വർഷത്തെ പാരമ്ബര്യമുള്ള ചേർത്തലയിലെ സ്വകാര്യ കയർഉത്പന്ന നിർമ്മാതാക്കളായ കാരങ്ങാട്ട് കയർ മാനു ഫാക്ചറിങ് യൂണിറ്റാണ് റെയില്‍വെയ്ക്ക് ആവശ്യമായ കയർ ഭൂവസ്ത്രങ്ങള്‍ നിർമ്മിക്കുന്നത്.
കനം കുറഞ്ഞ ചെറിയ നാരുകളുള്ള കയർ ഭൂവസ്ത്രമാണ് റെയില്‍വേ പ്രോജക്ടുകള്‍ക്ക് ആവശ്യം. ഇവ തടസം കൂടാതെ ഓർഡർ അനുസരിച്ച് പെട്ടന്ന് നിർമിച്ചു നല്‍കുന്നു എന്നതിനാലാണ് സ്വകാര്യ കയർ ഉത്പന്ന നിർമ്മാണ മേഖലയെ കരാർ കമ്ബനികള്‍ ആശ്രയിക്കുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും, റെയില്‍വേ ട്രാക്കുകള്‍ സംരക്ഷിക്കുന്നതിനും വിജയകരമായി നടപ്പാക്കിയ പദ്ധതി രാജ്യത്തുടനീളം ആവിഷ്കരിക്കുകയാണെങ്കില്‍ കയർ മേഖലയ്ക്ക് വലിയ വിപണി സാധ്യത യാണ് റെയില്‍വേ തുറന്നുവെയ്ക്കുന്നത്.