ക്യാപ്റ്റനായി തിരിച്ചെത്തി, ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; മറികടന്നത് ഷെയ്ണ്‍ വോണിന്റെ റെക്കോര്‍ഡ്
പഞ്ചാബിനെതിരായ മത്സരത്തിലെ ജയത്തോടെ ചരിത്രം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാൻ റോയല്‍സിന് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്.55 മത്സരങ്ങളില്‍ നയിച്ച് 31 ജയമുള്ള സാക്ഷാല്‍ ഷെയ്ൻ വോണിന്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്. സഞ്ജു 62 മത്സരങ്ങളില്‍ രാജസ്ഥാൻ ക്യാപ്റ്റനായപ്പോള്‍ 32 തവണ ടീം ജയിച്ചു.
പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയല്‍സ് 50 റണ്‍സിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു എത്തിയതോടെ പഞ്ചാബിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും വമ്ബൻ പോരാട്ട വീര്യമാണ് രാജസ്ഥാൻ പുറത്തെടുത്തത്. പഞ്ചാബിലെ ചണ്ഡീഗഢ് സ്റ്റേഡിയത്തില്‍ ഇതാദ്യമായാണ് ടീം സ്കോർ 200 കടക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.
രാജസ്ഥാന് മിന്നു തുടക്കമാണ് ഓപ്പണർമാരായ സഞ്ജുവും ജയ്സ്വാളും നല്‍കിയത്. 26 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. 6 ബൗണ്ടറിയടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഈ സീസണിലെ 4 മത്സരങ്ങളില്‍ നിന്ന് 137 റണ്‍സാണ് സഞ്ജുവിന്റെ സമ്ബാദ്യം. എന്നാല്‍, സഞ്ജു മടങ്ങിയെങ്കിലും ജയ്സ്വാള്‍ വിട്ടുകൊടുത്തില്ല. ഫോം എവിടെയെന്ന് ചോദിച്ചവർക്ക് മുന്നിലേക്ക് ക്ലാസിക് അർധ സെഞ്ച്വറി നേടിയാണ് ജയ്സ്വാള്‍ മറുപടി നല്‍കിയത്. 25 പന്തില്‍ 43 റണ്‍സുമായി റിയാൻ പരാഗും തകർത്തടിച്ചതോടെ പഞ്ചാബിന്റെ ലക്ഷ്യം 206.
മറുപടി നല്‍കാൻ ഇറങ്ങിയ പഞ്ചാബിനെ ഞെട്ടിച്ചാണ് ജോഫ്ര ആർച്ചർ തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ പ്രിയൻഷ് ആര്യ ഗോള്‍ഡൻ ഡക്ക്. പിന്നീട് വന്ന ശ്രേയസ് അയ്യർ രണ്ട് തവണ ആർച്ചറെ ബൗണ്ടറി കടത്തിയെങ്കിലും വൈകാതെ തന്നെ മുട്ടുമടക്കി. 43 റണ്‍സിന് 4 വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നെഹാല്‍ വദേരയും ഗ്ലെൻ മാക്സ്‍വെല്ലും ചേർന്ന് തോളിലേറ്റി. 66 റണ്‍സുമായി നെഹാല്‍ വദേര തകർത്താടിയപ്പോള്‍ പഞ്ചാബ് പ്രതീക്ഷ വീണ്ടെടുത്തു. ഒടുവില്‍ 88 റണ്‍സ് കൂട്ടുകെട്ട് സഞ്ജുവിന്റെ സ്പിൻ കെണിയില്‍ പൊളിഞ്ഞു. പിന്നീട് വന്നവർക്കൊന്നും രാജസ്ഥാന്റെ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് വിക്കറ്റുമായി ജോഫ്ര ആർച്ചർ കളം നിറഞ്ഞപ്പോള്‍ പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.