ഐപിഎല്ലില്‍ മലയാളിയെ പുറത്താക്കിയ മലയാളി! വിഗ്നേഷ് പുത്തൂരിന് സ്വപ്ന നേട്ടം, ദേവ്ദത്ത് പടിക്കലിന്‍റെ വിക്കറ്റ്


മുംബൈ: ഐപിഎല്ലില്‍ അത്യപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള നിമിഷം. മലയാളി താരങ്ങള്‍ മുഖാമുഖം വന്ന പോരാട്ടം. ബാറ്റേന്തുന്നതും മലയാളി, പന്തെറിയുന്നതും മലയാളി.അങ്ങനെയൊരു ചരിത്ര പോരാട്ടമാണ് ഐപിഎല്‍ പതിനെട്ടാം സീസണിലെ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ കണ്ടത്. ആര്‍സിബി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കലും മുംബൈ സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം വിഗ്നേഷിനൊപ്പമായി.

വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് ടോസ് വീണപ്പോഴേ ആരാധകര്‍ ദേവ്‌ദത്ത് പടിക്കല്‍- വിഗ്നേഷ് പുത്തൂര്‍ പോരാട്ടം ഉറപ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയുടെ ഫിലിപ് സാള്‍ട്ടിനെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയതോടെ വണ്‍ഡൗണായി മലയാളി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കല്‍ ക്രീസിലെത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബോള്‍ട്ടിനെതിരെ ബൗണ്ടറിയുമായി പടിക്കല്‍ കുതിച്ചു. മറ്റൊരു ഓപ്പണര്‍ വിരാട് കോലിയും കൂടി ടച്ചിലായതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പവര്‍പ്ലേയില്‍ 73-1 എന്ന മികച്ച നിലയിലെത്തി.

ആര്‍സിബി ഇന്നിംഗ്സിലെ 9-ാം ഓവറില്‍ മലയാളി സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂരിനെ പന്തെറിയാന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ക്ഷണിച്ചിടത്താണ് ആ ബ്രേക്ക് ത്രൂ പിറക്കുന്നത്. നാലാം ബോളില്‍ സിക്‌സുമായി കോലി ഫിഫ്റ്റി പൂര്‍ത്തിയാക്കിയെങ്കിലും അവസാന പന്തില്‍ പടിക്കലിനെ വിഗ്നേഷ് മടക്കി. പടിക്കലിന്‍റെ അടി പതറിയപ്പോള്‍ ബൗണ്ടറി ലൈനില്‍ വില്‍ ജാക്‌സിനായിരുന്നു ക്യാച്ച്‌. ബെംഗളൂരുവിനായി രണ്ടാം വിക്കറ്റില്‍ 91 റണ്‍സ് നീണ്ട പടിക്കല്‍- കോലി കൂട്ടുകെട്ടിന് ഇതോടെ വിരാമമായി. മലയാളിപ്പോരില്‍ ദേവ്‌ദത്ത് പടിക്കലിന് മുകളില്‍ വിജയം വിഗ്നേഷ് പുത്തൂരിനായി എന്നും പറയാം. 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സറുകളും സഹിതം പടിക്കല്‍ 37 റണ്‍സെടുത്തു.