വീടുകളിലെ പ്രസവം തടയാൻ ശക്തമായ ബോധവൽക്കരണം ആവശ്യം : പി ഉബൈദുള്ള എംഎൽഎ

ജില്ലയിൽ വീടുകളിലെ പ്രസവവും അതേ തുടർന്നുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് പി ഉബൈദുള്ള എംഎൽഎ പറഞ്ഞു. ജില്ലയിലെ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ജില്ലാതല ആരോഗ്യ ദിനാചരണവും ‘ കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന ക്യാംപയിന്റെ ഉദ്ഘാടനവും കോട്ടക്കുന്ന് ഡിഡിപിസി ഹാളിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ കൂട്ടായ പരിശ്രമത്തിന്റെയും ബോധവൽക്കരണത്തിന്റെയും ശ്രമഫലമാണ്. പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തിൽ വൻ പുരോഗതി ഉണ്ടായത് വിപുലമായ ബോധവൽക്കരണവും പ്രചാരണ പരിപാടികളും കൊണ്ടാണ്. അതുപോലെയുള്ള ബോധവൽക്കരണ പരിപാടികൾ വീടുകളിലെ പ്രസവം തടയാനും നാം സ്വീകരിക്കണം. ശരിയായ ചികിത്സ നല്ല പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സർക്കാർ ആശുപത്രികളിൽ ഉറപ്പുവരുത്താൻ നമുക്ക് കഴിയണം’- അദ്ദേഹം പറഞ്ഞു.

‘ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി’ എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിനാചരണത്തിന്റെ മുദ്രാവാക്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീട്ടിലെ പ്രസവം റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയിൽ ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും ബോധവൽക്കരണ നാടകങ്ങളും സെമിനാറുകളും സാമൂഹിക സാംസ്കാരിക നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളും ക്യാംപയിന്റെ ഭാഗമായി നടക്കും.

ദിനാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ കളക്ടറുടെ വസതിയിൽ നിന്നും സിവിൽ സ്റ്റേഷൻ വരെ ആരോഗ്യ സന്ദേശറാലി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർ പങ്കെടുത്തു.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം മലപ്പുറം ജില്ല പ്രോഗ്രാമാം മാനേജർ ഡോക്ടർ ടി എൻ അനൂപ് ലോകാരോഗ്യ ദിന സന്ദേശം നൽകി. 2024-25 വർഷത്തിൽ ആരോഗ്യമേഖലയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ആരോഗ്യരംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച പള്ളിക്കൽ ബ്ലോക്കിന് എംഎൽഎ പുരസ്കാരം നൽകി. കഴിഞ്ഞ മാർച്ച് 24ന് ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ‘ദി ബാറ്റിൽ’ എന്ന നാടകം അവതരിപ്പിച്ച കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. ഏറ്റവും കൂടുതൽ സുരക്ഷിത പ്രസവം സാധ്യമാക്കിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനുള്ള പുരസ്കാരം കരുവാരക്കുണ്ട് സി എച്ച് സി നേടി. ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന പ്രചരണ പരിപാടിയുടെ ലഘുലേഖയുടെയും പ്രതിരോധ കുത്തിവെപ്പ് പ്രചരണത്തിനായി തയ്യാറാക്കിയ ‘സ്നേഹദൂത്’ എന്ന കത്തിന്റെയും പ്രകാശനവും പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. വീടുകളിൽ നടക്കുന്ന പ്രസവത്തിന്റെ സാമൂഹിക വശങ്ങളെ കുറിച്ച് കോഴിക്കോട് സർവ്വകലാശാലയിലെ സോഷ്യോളജി വിഭാഗം തയ്യാറാക്കിയ പഠന റിപ്പോർട്ട് അധ്യാപകനായ ഡോക്ടർ ആർ പ്രസാദ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറി. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുന്നതിനായി തയ്യാറാക്കിയ ‘തിളനില’ എന്ന ഹ്രസ്വ വീഡിയോയുടെ പ്രകാശനം ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് നിർവഹിച്ചു.

ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 632 കേന്ദ്രങ്ങളിൽ 632 കിലോമീറ്റർ നീളത്തിൽ 261955 പേർ പങ്കെടുത്ത കൂട്ട നടത്തവും 632 ബോധവൽക്കരണ പ്രഭാഷണങ്ങളും നടത്തി. ബോധവൽക്കരണത്തിന്റെ ഭാഗമായി സൂംബ ഡാൻസ്, സ്കിറ്റ്, ഫുട്ബോൾ മേളകൾ എന്നിവയും നടന്നു.

ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോക്ടർ എൻ പമീലി, ‘ആർദ്രം’ നോവൽ ഓഫീസർ ഡോക്ടർ കെ കെ പ്രവീണ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബി സുരേഷ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ വി വി ദിനേഷ് ഷാഹുൽഹമീദ് എന്നിവർ പങ്കെടുത്തു.