സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ വ്യാപിപ്പിക്കാൻ കെഎസ്‌ഇബി നീക്കം; കടുത്ത ആശങ്കയില്‍ ഇടുക്കി ജില്ലക്കാര്‍
തിരുവനന്തപുരം: അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്‌ഇബി നീക്കത്തില്‍ ആശങ്ക. സംസ്ഥാനത്ത് കെഎസ്‌ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോണ്‍ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിലാണ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ആശങ്കയില്‍ കഴിയുന്നത്.ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടില്ലെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് ജലവിഭവ വകുപ്പിൻ്റെ പരിധിയിലുള്ള അണക്കെട്ടുകളുടെ ബഫർസോണ്‍ പരിധി വ്യാപിക്കിപ്പാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിനൊടുവിലാണ് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്‌ഇബി സമാന നടപടിക്ക് ഒരുങ്ങുന്നത്. ജലാശയത്തില്‍ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തു നിന്ന് 20 മീറ്റർ ചുറ്റളവില്‍ സമ്ബൂർണ നിർമ്മാണ നിരോധവനും 1000 മീറ്റർ പരിധിയില്‍ നിർമ്മാണങ്ങള്‍ക്ക് എൻ ഒ സി നിർബന്ധമാക്കാനുമാണ് ലക്ഷ്യം. ഈ രീതിയിലുള്ള നിയന്ത്രണങ്ങള്‍ വന്നാല്‍ ഇടുക്കിയില്‍ മാത്രം ഒരു നഗരസഭയും 23 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയെ അത് പ്രതികൂലമായി ബാധിക്കും.
അണക്കെട്ടുകളോട് ചേർന്നുള്ള പത്തു ചെയിൻ മേഖലകളില്‍ പട്ടയ വിതരണം നടത്തുമെന്ന് റവന്യു വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈദ്യുതി വകുപ്പ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് അറിയിച്ചിട്ടില്ല. ഫുള്‍ റിസർവോയർ ലെവലിനെ ബാധിക്കാത്ത തരത്തില്‍ പട്ടയം നല്‍കാമെന്നായിരുന്നു നേരത്തെയുളള നിലപാട്. പത്തുചെയിൻ മേഖലയില്‍ ഇനിയും 3500ലേറെ പേർക്ക് പട്ടയം കിട്ടാനുണ്ട്. ഏറ്റവും അധികം ഡാമുകളുള്ള ഇടുക്കി ജില്ലയെ സാരമായി ബാധിക്കുന്ന നീക്കവുമായി സർക്കാർ മുന്നോട്ടു പോയാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.