‘തല’യുടെ തലയില്‍ വീണ്ടും ക്യാപ്റ്റന്‍റെ തൊപ്പി; ധോണിച്ചിറകില്‍ കരകയറാന്‍ സിഎസ്‌കെ, ടീമില്‍ മൊത്തം ആശങ്ക
ചെന്നൈ: ഇങ്ങനെയൊരു മോഹം ഇനി നടക്കും എന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല.പക്ഷേ, അവിചാരിതമായി അത് സംഭവിച്ചിരിക്കുന്നു. 43-ാം വയസില്‍ എം എസ് ധോണി സിഎസ്‌കെ ക്യാപ്റ്റന്‍റെ തൊപ്പി വീണ്ടുമണിയുന്നു. ഐപിഎല്‍ പതിനെട്ടാം സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമായി പോയിന്‍റ് പട്ടികയില്‍ താഴെയുള്ള ചെന്നൈ ടീമിനെ കരകയറ്റാന്‍ തല മാജിക്കിനാകുമോ?
സീസണിന് മധ്യ എം എസ് ധോണി വീണ്ടും ക്യാപ്റ്റനാകുമ്ബോള്‍ സിഎസ്‌കെ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 10 ഐപിഎല്‍ സീസണുകളില്‍ ഫൈനലില്‍ എത്തിച്ച നായകന്‍, അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച ഇതിഹാസം. എന്നാല്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ ചെന്നൈയുടെ തുടക്കം അത്ര പന്തിയല്ല. സീസണിലെ അഞ്ചില്‍ ജയിച്ചത് ഒറ്റ കളിയില്‍ മാത്രം. ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സീസണ്‍ ആരംഭിച്ചത്. പിന്നീട് നാല് മത്സരങ്ങളിലും ടീം തകര്‍ന്നുതരിപ്പണമായി. ആര്‍സിബിയോട് അതേ ചെപ്പോക്കില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനോട് ഗുവാഹത്തിയില്‍ പോയി 6 റണ്‍സിനും തോറ്റു. ഇതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനോട് 25 റണ്‍സിന്‍റെയും പഞ്ചാബ് കിംഗ്സിനോട് 18 റണ്ണിന്‍റെയും പരാജയം.
സീസണില്‍ ടീമിന്‍റെ ആറാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേരിടുമ്ബോള്‍ കാര്യങ്ങള്‍ ധോണിക്ക് എളുപ്പമാവില്ല. കളി ചെപ്പോക്കിലെങ്കിലും ചരിത്രത്തിലാദ്യമായി സ്വന്തം മൈതാനത്ത് മൂന്ന് തോല്‍വികള്‍ എന്ന നാണക്കേട് ഒഴിവാക്കേണ്ട വലിയ കടമ്ബ സിഎസ്‌കെയ്ക്ക് മുന്നിലുണ്ട്. പരിക്കേറ്റ് പുറത്തായ റുതുരാജ് ഗെയ്‌ക്‌വാദിന് പകരം ടീമിലെത്താനിരിക്കുന്ന രാഹുല്‍ ത്രിപാഠി ഫോമിലല്ല. രചിന്‍ രവീന്ദ്ര- ദേവോണ്‍ കോണ്‍വേ ഓപ്പണിംഗ് സഖ്യത്തിന്‍റെ പ്രകടനം ചെന്നൈ സ്കോറിന്‍റെ വിധി തീരുമാനിക്കും. ശിവം ദുബെയും വിജയ് ശങ്കറുമുള്ള മധ്യനിര ശോകമൂകമാണ്. ചെപ്പോക്കിലെ സ്പിന്‍ ട്രാക്കില്‍ നൂര്‍ അഹമ്മദ് നയിക്കുന്ന സ്‌പിന്‍ നിര മാത്രമാണ് പ്രതീക്ഷ കാക്കുന്നത്. അതിനാല്‍ ടീം ലൈനപ്പില്‍ ധോണിയുടെ തലപുകയും.
തല വീണ്ടും നായകനാവുന്നു. ഇന്ന് ചെപ്പോക്കിലെ മഞ്ഞ ഗ്യാലറി തിരമാലയാര്‍ക്കും എന്നതില്‍ സംശയമില്ല. കഴിഞ്ഞ മത്സരത്തിലെ ധോണി സിക്‌സുകളും പ്രതീക്ഷിക്കാം. എന്നാല്‍ സീസണില്‍ ഇതുവരെ സെറ്റാവാത്ത സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍ വച്ച് ധോണി എന്ത് അത്ഭുതം കാട്ടുമെന്ന് കണ്ടുതന്നെ അറിയണം. ഇനിയൊരു തോല്‍വി കൂടി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്‍ 2025ല്‍ താങ്ങാനാവില്ല. അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോറ്റാണ് വരവെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എഴുതിത്തള്ളാനാവില്ല. പലരും ഫോമിലല്ലെങ്കിലും ക്വിന്‍റണ്‍ ഡികോക്ക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, മൊയീന്‍ അലി, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിംഗ്, വെങ്കടേഷ് അയ്യര്‍ തുടങ്ങി വമ്ബന്‍ താരങ്ങളെ കൊണ്ട് നിറഞ്ഞ ടീമാണ് കെകെആര്‍. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണേല്‍ ഉഗ്രന്‍ ഫോമിലും.