മോദി സൗദിയിലേക്ക്, മൂന്നാമത്തെ സന്ദര്‍ശനം, സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്ന് സൂചന


ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനത്തില്‍ സൗദി സന്ദർശനം നടത്തും. പ്രധാനമന്ത്രി ആയതിന് ശേഷം മോദി മൂന്നാമതാണ് സൗദി സന്ദർശിക്കുന്നത്.ജിദ്ദയില്‍ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. സല്‍മാൻ രാജാവുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാമ്ബത്തിക സഹകരണം, തന്ത്രപരമായ മേഖലകളിലെ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകള്‍ കൂടിക്കാഴ്ചയില്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകള്‍ ഒപ്പിട്ടേക്കുമെന്നും സൂചനകളുണ്ട്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായിരിക്കും മോദി സൗദിയിലെത്തുന്നത്. 2023 സെപ്റ്റംബറില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ ബിൻ അബ്ദുല്‍ അസീസ് അല്‍ സഊദ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ മാസം യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സ് ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അതിനുശേഷമായിരിക്കും മോദി സൗദിയിലേക്കെത്തുന്നത്. ജിദ്ദയിലെ പൊതു സമൂഹവുമായും മോദി സംവദിക്കുമെന്നാണ് സൂചനകള്‍. നിലവില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദ.

ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കഴിഞ്ഞ വർഷങ്ങളിലായി കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 2023-24 വർഷങ്ങളില്‍ 43.3 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. നിലവില്‍ സൗദി അറേബ്യയുടെ വ്യാപാര പങ്കാളികളില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം സൗദിയാണ്. ഗാസയിലെ സ്ഥിതിഗതികള്‍, ഇസ്രായോല്‍-ഹമാസ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി ഉണ്ടാകും എന്നാണ് സൂചനകള്‍.