തലയുടെ വിളയാട്ടം! 2206 ദിവസങ്ങള്‍ക്ക് ശേഷം കളിയിലെ താരമായി ധോണി
ലക്നൗ: ഐപിഎല്ലില്‍ 2206 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കളിയിലെ താരമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി.ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ 43കാരനായ ധോണിയുടെ പ്രകടനം ഏറെ നിർണായകമായിരുന്നു. ലക്നൗവില്‍ നടന്ന മത്സരത്തില്‍ 11 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ ധോണി ചെന്നൈയെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ താൻ അത്ഭുതപ്പെട്ടെന്ന് ധോണി മത്സര ശേഷം പറഞ്ഞു. 2019 മാർച്ച് 31 ന് രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയപ്പോഴാണ് ധോണി അവസാനമായി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. ഐപിഎല്ലില്‍ ധോണിയുടെ 18-ാമത്തെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡാണിത്. 4 ഓവറുകളില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയ നൂർ അഹമ്മദും ന്യൂ ബോള്‍ ബൗളർമാരും മികച്ച പ്രകടനം കാഴ്ചവച്ചതായി ധോണി പറഞ്ഞു. ലക്നൗവിനെതിരായ വിജയം ചെന്നൈയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മത്സരങ്ങളില്‍ പവർപ്ലേയില്‍ ബാറ്റിംഗിലും ബൌളിംഗിലും ടീം ബുദ്ധിമുട്ടിയിരുന്നുവെന്ന് ധോണി സമ്മതിച്ചു. ഇതുവരെയുള്ള ബൗളിംഗ് പ്രകടനം ബാറ്റ്‌സ്മാന്മാരേക്കാള്‍ മികച്ചതാണെന്നും കുറച്ച് മാറ്റങ്ങള്‍ ആവശ്യമാണെന്നും ധോണി കൂട്ടിച്ചേർത്തു. ഏപ്രില്‍ 20 ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യൻസാണ് ചെന്നൈയുടെ എതിരാളികള്‍.