വീടുകളിലെ പ്രസവം: മതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല.തെറ്റിദ്ധാരണ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും മത നേതാക്കളുടെ യോഗത്തില്‍ സമവായം
ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളില്‍ പ്രസവം നടത്താന്‍ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിളിച്ചു ചേര്‍ത്ത മതനേതാക്കളുടെ യോഗത്തില്‍ സമവായം. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന ക്യാംപയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.
ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെ യോ പിൻബലമില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെയും ജില്ലാഭരണ കൂടത്തിൻ്റെയും ശ്രമങ്ങൾക്ക് എല്ലാ മത സംഘടനാ നേതാക്കളും പിന്തുണ ഉറപ്പ് നൽകി. അതേ സമയം, അനാവശ്യമായി സിസേറിയൻ നടത്തുന്നതായും മറ്റും ആശുപത്രികളെ കുറിച്ച് സംശയമുളവാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. സിസേറിയൻ്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ ഓഡിറ്റിംഗിന് സർക്കാർ തലത്തിൽ സംവിധാനമുണ്ടെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആശുപത്രികളിലെ പ്രസവത്തെ സംബന്ധിച്ച് ആളുകളുടെ ഇടയില്‍ എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഗാര്‍ഹിക പ്രസവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന താനാളൂര്‍, മംഗലശ്ശേരി, ചെറിയമുണ്ടം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വനിതകളെയും പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെയും യുവജനങ്ങളെയും ബോധവല്‍ക്കരിക്കും. മതനേതാക്കള്‍ വഴിയും ബോധവല്‍ക്കരണ പരിപാടികളും ആശുപത്രികളിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കും. ജനങ്ങളുടെ മനസ്സിലെ ആശങ്ക അകറ്റി ആശുപത്രികള്‍ ഗര്‍ഭിണി- ശിശു സൗഹൃദമാക്കി മാറ്റും. ഭാവി തലമുറയെ കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്‌നമായി തന്നെയാണ് ഗാര്‍ഹിക പ്രസവത്തെ കാണുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ക്യാംപയിന്റെ ഭാഗമായി തുടര്‍യോഗങ്ങളും ചര്‍ച്ചകളും നടത്തും.
ആരോഗ്യസൂചികയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കേരളം ലോകത്തിനുതന്നെ മാതൃകയാണ്. 2024 -25 വര്‍ഷത്തില്‍ 192 ഗാര്‍ഹിക പ്രസവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക സാഹചര്യങ്ങളും പിന്നോക്കാവസ്ഥയും ആശുപത്രികളെ കുറിച്ചുള്ള ആശങ്കകളും ഇതിനൊരു കാരണമാണെന്നും യോഗം വിലയിരുത്തി. ഈ അവസ്ഥകള്‍ പരിഹരിക്കുന്നതിനും ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോക്ടര്‍ സി ഷുബിന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോക്ടര്‍ എൻ എന്‍ പമീലി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെപി സാദിക്കലി, എംഇഎസ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധൻ ഡോ. പുരുഷോത്തമൻ, ഇന്ത്യൻ അസോസിയേഷന് ഓഫ് പീഡിയാട്രീഷൻ പ്രസിഡന്റ് ഡോ.ഇ എസ് സജീവൻ, എംഇഎസ് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.പി മുംതാസ്, മഞ്ചേരി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. സി പി അഷ്റഫ്,വിവിധ മതസംഘടനകളെ പ്രതിനിധീകരിച്ച് അലിയാര്‍ അമ്പാടി, പി ഇബ്രാഹിം, കെ യൂസഫ്, സിപി അബ്ദുള്‍ നാസര്‍, ഇസ്മായില്‍, പി കെ മുഹമ്മദ് ഹബീബ് റഹ്‌മാന്‍, ഫാദര്‍ ബിജു നിരപ്പേല്‍, പി കെ ലത്തീഫ് ഫൈസി, തറയിൽ അബു, പി കെ അബ്ദുൽ ഹക്കീം, കെ മുഹമ്മദ് കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.