അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലില്‍ ബാറ്റ് പരിശോധനയുമായി അമ്ബയര്‍മാര്‍, എന്താണ് കാരണം?


ഐപിഎല്ലില്‍ സമീപകാലത്ത് തുടര്‍ച്ചയായി അമ്ബയര്‍മാര്‍ ബാറ്റര്‍മാരുടെ ബാറ്റുകള്‍ പരിശോധിക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.വെടിക്കെട്ട് ബാറ്റര്‍മാരായ സുനില്‍ നരെയ്ന്‍റെയും ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയുമെല്ലാം ബാറ്റുകള്‍ അമ്ബയര്‍മാര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. എന്താണ് ഇതിന് കാരണമെന്നാണ് ഇനി പറയാൻ പോകുന്നത്.

ഒരുകാലത്ത് ഏകദിന മത്സരങ്ങളില്‍ ടീം സ്കോര്‍ 200 കടക്കുകയെന്നത് തന്നെ ബാലികേറാമലയായിരുന്നു. എന്നാല്‍, ടി20 ക്രിക്കറ്റിന്‍റെ വരവോടെ വെറും 120 പന്തുകളില്‍ ടീം സ്കോര്‍ 200ഉം 250ഉം കടന്ന് മുന്നേറുകയാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നേടിയ 287 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. ഇതിന് പിന്നാലെ പല ടീമുകളും കൂറ്റൻ സ്കോറുകള്‍ അടിച്ചെടുക്കുന്ന കാഴ്ചയാണ് കാണാനായത്. ഇതോടെയാണ് ഐപിഎല്ലില്‍ ബിസിസിഐ പുതിയ വിജിലൻസ് പോളിസി അവതരിപ്പിച്ചത്. അമിത വലിപ്പമുള്ള ബാറ്റുകള്‍ കണ്ടെത്തുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.

ഐപിഎല്ലിന്‍റെ കഴിഞ്ഞ 17 സീസണുകളിലും ബാറ്റ് പരിശോധന കണ്ടിട്ടില്ല. എന്നാല്‍, ഈ സീസണില്‍ ബിസിസിഐയുടെ നിര്‍ദ്ദേശ പ്രകാരം ഓണ്‍-ഫീല്‍ഡ് അമ്ബയര്‍മാര്‍ ബാറ്റര്‍മാരുടെ ബാറ്റുകള്‍ പതിവായി പരിശോധിക്കുന്നുണ്ട്. ഏപ്രില്‍ മാസം പകുതി പിന്നിടുമ്ബോള്‍ അഞ്ച് താരങ്ങളുടെ ബാറ്റുകളാണ് അമ്ബയര്‍മാര്‍ പരിശോധിച്ചത്. ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഫില്‍ സാള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ, സുനില്‍ നരെയ്ൻ, ആന്റിച്ച്‌ നോർക്കിയ എന്നിവരുടെ ബാറ്റുകള്‍ പരിശോധനകള്‍ക്ക് വിധേയമായി. എന്നാല്‍ ഇനി മുതല്‍ എല്ലാ ബാറ്റര്‍മാരുടെയും ബാറ്റുകള്‍ പരിശോധകള്‍ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 15ന് പഞ്ചാബ് കിംഗ്സിനെതിരെ നടന്ന ബാറ്റ് ഗേജ് ടെസ്റ്റില്‍ നോർക്കിയയുടെയും നരെയ്ന്റെയും ബാറ്റുകള്‍ പരാജയപ്പെട്ടിരുന്നു. ഇത് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തതോടെ വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമാകുകയും ചെയ്തു. ബാറ്റിന്റെ ബ്ലേഡ് ഇനിപ്പറയുന്ന അളവുകളില്‍ കവിയരുതെന്നാണ് നിയമം – വീതി: 4.25 ഇഞ്ച് / 10.8 സെ.മീ, കട്ടി: 2.64 ഇഞ്ച് / 6.7 സെ.മീ, അരികുകള്‍: 1.56 ഇഞ്ച് / 4.0 സെ.മീ. മാത്രമല്ല, ബാറ്റര്‍മാര്‍ ഉപയോഗിക്കുന്ന ബാറ്റുകള്‍ക്ക് ഒരു ബാറ്റ് ഗേജിലൂടെ കടന്നുപോകാൻ കഴിയുകയും വേണം.

ടി20 ക്രിക്കറ്റിന്‍റെ വരവോടെ പവർ-ഹിറ്റിംഗ് എന്നത് വ്യാപകമാകുകയും ഐ‌പി‌എല്ലില്‍ ടീം സ്കോര്‍ എന്നത് 300 ലക്ഷ്യമാക്കുകയും ചെയ്യുന്നതോടെ ക്രിക്കറ്റിലെ അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള ആശങ്ക കൂടുതല്‍ ശക്തമാകുകയാണ്. ഐ‌പി‌എല്‍ 2025ന്റെ ആദ്യ മൂന്ന് ആഴ്ചകളില്‍ 200-ല്‍ കൂടുതല്‍ സ്‌കോറുകള്‍ പല തവണ പിറന്നിരുന്നു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മൂന്ന് തവണ 260-ല്‍ കൂടുതല്‍ സ്കോർ നേടിയിരുന്നു. ഈ സീസണില്‍ സണ്‍റൈസേഴ്സ് ഇതിനകം 287 റണ്‍സ് നേടിക്കഴിഞ്ഞു.

ക്രിക്കറ്റ് എന്നത് ബാറ്റര്‍മാരുടെ കളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. ബൗളർമാരുടെ സ്വാധീനം നഷ്ടമാകുകയും ചെയ്യുന്നുണ്ടെന്നതാണ് വസ്തുത. ഗുജറാത്ത് ടൈറ്റൻസ് താരം കഗിസോ റബാഡ ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്ബ് ഇതേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബൗളർമാർക്കും ബാറ്റര്‍മാർക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ കളി സന്തുലിതമായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രവിചന്ദ്രൻ അശ്വിൻ, ഷാർദുല്‍ താക്കൂർ തുടങ്ങിയ ബൗളർമാരും ഐപിഎല്ലിലെ വർദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥയെ വിമർശിച്ചിട്ടുണ്ട്.

അതേസമയം, ഈ സീസണില്‍ ബൗളർമാർക്ക് റിവേഴ്‌സ് സ്വിംഗ് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്നതിന് ഉമിനീർ ഉപയോഗിക്കാൻ ബിസിസിഐ അനുമതി നല്‍കിയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉമിനീർ ഉപയോഗിക്കുന്നത് ഐസിസി നിരോധിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ടാമത്തെ പുതിയ പന്ത് ഉപയോഗിക്കാനും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.