കെസിഎ വനിത എലൈറ്റ് ടി20: അവസാന മത്സരത്തില്‍ തോറ്റിട്ടും ട്രിവാൻഡ്രം റോയല്‍സ് സെമിയില്‍
തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്‍റില്‍ ട്രിവാൻഡ്രം റോയല്‍സ് സെമിയിലെത്തി.ലീഗ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ റേസ് ബ്ലാസ്റ്റേഴ്സിനോട് തോല്‍വി വഴങ്ങിയെങ്കിലും ആദ്യ രണ്ട് മല്‍സരങ്ങളിലെ ജയത്തിന്‍റെ മികവിലാണ് റോയല്‍സ് സെമിയിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത റേസ് ബ്ലാസ്റ്റേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് 20 ഓവറില്‍ ഒൻപത് വിക്കറ്റിന് 86 റണ്‍സ് മാത്രമാണ് നേടാനായത്. സെമിയില്‍ ക്ലൌഡ്ബെറിയാണ് ട്രിവാൻഡ്രം റോയല്‍സിന്‍റെ എതിരാളി.
ടോസ് നേടിയ റോയല്‍സ്, ബ്ലാസ്റ്റേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നിയതി റോയല്‍സിന് മികച്ച തുടക്കം നല്‍കി. ഈ ടൂര്‍ണ്ണമെന്റിലെ ആദ്യ ഹാര്‍ട്ടിക് വിക്കറ്റും നിയതിക്കാണ്. എന്നാല്‍ 20 റണ്‍സെടുത്ത അനശ്വര സന്തോഷിന്‍റെയും 19 റണ്‍സെടുത്ത ക്യാപ്റ്റൻ സായൂജ്യയുടെയും മികവില്‍ ബ്ലാസ്റ്റേഴ്സ് 91 റണ്‍സെടുത്തു. റോയല്‍സിന് വേണ്ടി നിയതി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ സജന സജീവനും, നജ്ല സിഎംസിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. 37 റണ്‍സെടുത്ത സജന അവസാന ഓവർ ടീമിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ കളി തീരാൻ രണ്ട് പന്ത് ബാക്കി നില്‍ക്കെ സജന പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. റോയല്‍സിന്‍റെ മറുപടി 86 റണ്‍സില്‍ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. റോയല്‍സിന് വേണ്ടി നജ്ല 24 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അനുശ്രീ അനില്‍കുമാറും രണ്ട് വിക്കറ്റ് നേടിയ അനശ്വര സന്തോഷുമാണ് ബ്ലാസ്റ്റേഴ്സ് ബൗളിങ് നിരയില്‍ തിളങ്ങിയത്.