ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം രാഹുല്‍ മടങ്ങി, ഡല്‍ഹിക്ക് രണ്ട് വിക്കറ്റ് നഷ്ടം


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്.അഭിഷേക് പോറല്‍ (18), കെ എല്‍ രാഹുല്‍ (14 പന്തില്‍ 28) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. കരുണ്‍ നായര്‍ (20), അക്‌സര്‍ പട്ടേല്‍ (4) എന്നിവരാണ് ക്രീസില്‍. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. അതേസമയം, ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ നിന്ന് ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് പുറത്തായി.

ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക്. ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് ചേര്‍ത്ത ശേഷമാണ് അഭിഷേക് മടങ്ങുന്നത്. ഒരു സിക്‌സും മൂന്ന് ഫോറും നേടിയ താരം അര്‍ഷദിന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച്‌ നല്‍കി. പിന്നാലെ രാഹുല്‍ – കരുണ്‍ സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ രാഹുല്‍ പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. ഒരു സിക്‌സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ് : സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, രവി ശ്രീനിവാസന്‍ സായ് കിഷോര്‍, പ്രസീദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.

ഡല്‍ഹി ക്യാപിറ്റല്‍സ് : അഭിഷേക് പോറല്‍, കരുണ് നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍(സി), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ്മ, മുകേഷ് കുമാര്‍.