5 പുതുമുഖങ്ങള്‍, തലസ്ഥാനത്ത് സിപിഎമ്മിന് നേതൃത്വമേകാൻ 12 അംഗ ജില്ലാ സെക്രട്ടേറിയേറ്റിനെ തിരഞ്ഞെടുത്തു


തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെര‌ഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റില്‍ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്.എം എല്‍ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി എസ് ഹരികുമാർ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായി. മുതിർന്ന നേതാവ് സി ജയൻബാബു സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവായി. 12 അംഗ സെക്രട്ടേറിയറ്റിനെയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ ചേർന്ന ജില്ലാ സമ്മേളനം വി ജോയ് എം എല്‍ എയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയാണ് ജോയിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ് ഇടം പിടിച്ചത്. അരുവിക്കര എം എല്‍ എ ജി സ്റ്റീഫന്‍, വട്ടിയൂർക്കാവ് എം എല്‍ എ വി കെ പ്രശാന്ത്, ഒ എസ് അംബിക, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍, ആര്‍ പി ശിവജി, ശ്രീജ ഷൈജുദേവ്, ഡി വൈ എഫ് ഐ ജില്ലാ അധ്യക്ഷൻ വി അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതുമുഖങ്ങള്‍. ജില്ലാ കമ്മിറ്റിയില്‍നിന്ന് സംസ്ഥാന സമിതി അഗങ്ങളായ എ എ റഹീം എം പി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ആനാവൂർ പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധിയുടെ പേരില്‍ ഒഴിഞ്ഞു.

അതേസമയം സെക്രട്ടറിയേറ്റ് രൂപീകരണത്തിനായി സി പി എം വയനാട് ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരുകയാണ്. മുൻ ജില്ലാ സെക്രട്ടറി പി ഗഗാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുമോയെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കപെട്ട ഗഗാറിൻ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും നീക്കിയതോടെ കടുത്ത ‌അതൃപ്തിയിലാണ്.

വിശദവിവരങ്ങള്‍

സി പി എം ജില്ലാ സമ്മേളനങ്ങളില്‍ ഏറ്റവും വലിയ അട്ടിമറി നടന്നത് വയനാട്ടിലാണ്. പി ഗഗാറിൻ തന്നെ മൂന്നാമതും തെരഞ്ഞെടുക്കപ്പെടും എന്ന് കരുതിയിരിക്കെ അപ്രതീക്ഷിതമായി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് സി പി എം ജില്ല സെക്രട്ടറിയാവുകയായിരുന്നു. മത്സരത്തിന്‍റെ വക്കോളമെത്തിയ ശേഷമാണ് വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ തീരുമാനമായത്. നിലവിലെ എട്ട് അംഗ ജില്ലാ സെക്രട്ടേറിയേറ്റില്‍ മാറ്റം വരുമെന്നാണ് സൂചന. അതില്‍ പ്രധാനം പി ഗഗാറിനെ ഉള്‍പ്പെടുത്തുമോ അതോ തഴയുമോ എന്നതിലാണ്. നിലവില്‍ നേരിടുന്ന അവഗണനയില്‍ ഗഗാറിന് അതൃപ്തി നിനില്‍ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗഗാറിനെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നുണ്ട്. ഇതില്‍ ഗഗാറിനെ എതിർക്കുന്ന പക്ഷം എന്ത് നിലപാട് എടുക്കുമെന്നാണ് അറിയേണ്ടത്. ടി പി രാമകൃഷ്ണൻ, എം വി ജയരാജൻ, കെ കെ ശൈലജ എന്നിവർ ജില്ല സെക്രട്ടറിയേറ്റ് രൂപികരണത്തിനായി ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. ഇവരുള്‍പ്പെടുന്ന സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടും ഗഗാറിന്‍റെ കാര്യത്തില്‍ നിര്‍ണായകമാകും.