ഐപിഎല്ലില്‍ കളിക്കുന്നത് കാരുണ്യ പ്രവര്‍ത്തനമല്ല, സഞ്ജുവിന്‍റെ രാജസ്ഥാനെതിരെ തുറന്നടിച്ച്‌ അംബാട്ടി റായുഡു


മുംബൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ടീം മാനേജ്മെന്‍റിന്‍റെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.ദീര്‍ഘകകാലമായി യുവതാരങ്ങളില്‍ നിക്ഷേപിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ17 വര്‍ഷത്തിനിടെ എത്ര ഐപിഎല്‍ കിരീടം നേടിയെന്നും അംബാട്ടി റായുഡു ചോദിച്ചു. 2008ലെ ആദ്യ ഐപിഎല്ലില്‍ ഷെയ്ന്‍ വോണിന്‍റെ നേതൃത്വത്തില്‍ കിരീടം നേടിയശേഷം പിന്നീട് ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാന്‍ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ എട്ട് കളികളില്‍ ആറു തോല്‍വികളുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാനിപ്പോള്‍.

ഐപിഎല്‍ പോലൊരു ടൂര്‍ണമെന്‍റിലേക്ക് ടീമിനെ ഇറക്കുന്നത് കാരുണ്യ പ്രവര്‍ത്തി ചെയ്യാനല്ലോ എന്ന് അംബാട്ടി റായുഡു ചോദിച്ചു. രാജസ്ഥാന്‍ റോയല്‍സിന്‍റെ കാര്യത്തില്‍ എനിക്ക് എല്ലായ്പ്പോഴും തോന്നിയിട്ടുള്ള കാര്യമാണ്. വര്‍ഷങ്ങളായി യുവതാരങ്ങളില്‍ നിക്ഷേപിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്രയും വര്‍ഷം കൊണ്ട് എന്താണ് നേടിയത്. അവസാനം ഐപിഎല്ലില്‍ കിരീടം നേടിയിട്ട് 17 വര്‍ഷമായിരിക്കുന്നു.യുവതാരങ്ങളില്‍ നിക്ഷേപിക്കുന്നത് അവരുടെ വലിയ മികവായി എല്ലായ്പ്പോഴും രാജസ്ഥാന്‍ പറയാറുണ്ട്. ശരിയാണ് യുവതാരങ്ങളെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനും അവര്‍ ചെയ്യുന്നത് വലിയ സംഭാവനയാണ്. എന്നാല്‍ ഐപിഎല്‍ എന്നത് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമല്ല. ഇവിടെ മത്സരിച്ചു ജയിക്കുകയാണ് വേണ്ടതെന്നും റായുഡു ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

എല്ലാ ടീമുകളും ജയിക്കാനായാണ് ടീമിനെ ഇറക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ഇവരെ ആരെയും പിന്തുടരുന്നില്ല. നിങ്ങള്‍ നിങ്ങളുടെ വഴിയെ മാത്രമാണ് പോകുന്നത്. അതിനെ ഓരോ വര്‍ഷവും ന്യായീകരിക്കുകയും ചെയ്യുന്നു. യുവതാരങ്ങള്‍ക്ക് ഇത്രയും അവസരം നല്‍കുന്നതിനെ മറ്റുള്ളവരും നിങ്ങളെ അഭിനന്ദിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതുകൊണ്ട് എന്ത് റിസല്‍ട്ട് ആണ് നിങ്ങള്‍ നേടിയതെന്നും റായുഡു ചോദിച്ചു.

റായുഡുവിന്‍റെ അഭിപ്രായത്തോട് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറും യോജിച്ചു. ഐപിഎല്‍ എന്നത് യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ഇടമല്ലെന്നും പരിപൂര്‍ണ സജ്ജരായ താരങ്ങള്‍ ഏത് റോളിലും കളിക്കുന്ന ഇടമാണെന്നും ബൗച്ചര്‍ പറഞ്ഞു. ഒരു ടീമിനെ വളര്‍ത്തിയെടുത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിരീടം നേടാമെന്ന് പറഞ്ഞ് ആരും ഇവിടേക്ക് ടീമുമായി വരില്ല. കാരണം ഓരോ മൂന്ന് വര്‍ഷം കൂടുമ്ബോഴും ടീമുകളെ പൊളിച്ചു പണിയുന്ന മെഗാ താരലേലം ഐപിഎല്ലില്‍ ഉണ്ടാകുമെന്നും ബൗച്ചര്‍ പറഞ്ഞു.