4ാം ശ്രമത്തില്‍ 81ാം റാങ്ക് നേടി റീനു; 5ാം ശ്രമത്തില്‍ 33ാം റാങ്കോടെ ആല്‍ഫ്രഡ്: ഇവര്‍ സിവില്‍ സര്‍വീസിലെ മലയാളിത്തിളക്കം


തിരുവനന്തപുരം: ഈ വർഷത്തെ സിവില്‍ സർവീസ് പരീക്ഷയില്‍ 81ാം റാങ്ക് നേടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ പുനലൂർ സ്വദേശി റീനുവും 33 റാങ്കിന്റെ സന്തോഷത്തില്‍ പാലാ സ്വദേശി ആല്‍ഫ്രഡും.നാലാമത്തെ ശ്രമത്തിലാണ് റീനു ഈ നേട്ടത്തിലേക്കെത്തിയത്. ”നാല് വർഷമായി സിവില്‍ സർവ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ്. നാലാമത്തെ ശ്രമമാണിത്. ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചിരുന്നു. റിസള്‍ട്ട് വന്നപ്പോള്‍ വളരെയധികം സന്തോഷം തോന്നി.” ഫോറിൻ സർവീസായിരിക്കും ലഭിക്കുകയെന്നും റീനു പ്രതികരിച്ചു. ദൈവത്തിനോടാണ് ആദ്യം കടപ്പാട്. പിന്നെ കൂടെ നിന്ന ഫാമിലിക്കും ഫ്രണ്ട്സിനും എല്ലാവർക്കുമെന്ന് റീനുവിന്റെ വാക്കുകള്‍.

പാലാ പറപ്പിള്ളില്‍ കാരിക്കക്കുന്നില്‍ ആല്‍ഫ്രഡ് തോമസ് അഞ്ചാമത്തെ ശ്രമത്തിലാണ് 33ാം റാങ്കോടെ സിവില്‍ സർവീസ് പരീക്ഷയില്‍ നേട്ടം കൈവരിച്ചത്. ദില്ലിയില്‍ പഠിച്ചു വളർന്ന ആല്‍ഫ്രഡിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിവില്‍ സർവീസ്. ”കോളേജിലെ ലാസ്റ്റ് സെമസ്റ്ററിലാണ് പഠനം ആരംഭിച്ചത്. 2018 മുതലാണ് പഠനം ആരംഭിച്ചത്. എന്റെ അഞ്ചാമത്തെ ശ്രമമാണിത്. ആദ്യം പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചിരുന്നു.” അഞ്ചാം തവണ വിജയം കൈപ്പിടിയിലൊതുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആല്‍ഫ്രഡ്.