പൊന്നാനിയില്‍ നിന്ന് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി


മലപ്പുറം: മലപ്പുറത്ത് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി. പൊന്നാനി മീന്‍തെരുവ് സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്.ഞായറാഴ്ച്ച മുതലാണ് കുട്ടികളെ കാണാതായത്. പൊന്നാനി പൊലീസ് ഇവര്‍ക്കായുളള അന്വേഷണം ആരംഭിച്ചു. മൂന്നു കുട്ടികളും അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരാണ്. ഞായറാഴ്ച്ച ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ വീടുവിട്ടിറങ്ങിയത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി വീട്ടില്‍നിന്ന് ഇറങ്ങുമ്ബോള്‍ പിതാവിന്റെ മാതാവിനോട് തങ്ങള്‍ ബെംഗളൂരുവിലേക്ക് പോവുകയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്ത് വീട്ടില്‍ മാതാപിതാക്കളുണ്ടായിരുന്നില്ല.

ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളോട് എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും പോവുകയാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. വൈകുന്നേരം ഏഴുമണിയോടെ പൊന്നാനി ബസ് സ്റ്റാന്‍ഡിലാണ് ഇവരെ അവസാനമായി കണ്ടത്. അതിനുശേഷം കുട്ടികളെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണില്ല. അതുകൊണ്ടുതന്നെ ട്രെയ്‌സ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു അടക്കം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടക്കുന്നത്.