ഓപ്പറേഷൻ സിന്ദൂര്‍: ചൈനയും കാന‍ഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ അയക്കില്ല; അതിര്‍ത്തിയില്‍ ജാഗ്രത

ദില്ലി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുർക്കിയും ഈ ഘട്ടത്തില്‍ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്.പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുർക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയർത്തി ഖലിസ്ഥാൻ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്.
അതേസമയം ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അടുത്ത വർഷം യുഎൻ രക്ഷാ സമിതിയില്‍ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യൻ സംഘം സന്ദർശനം നടത്തുന്നുണ്ട്. പാക് കേന്രീകൃത ഭീകര സംഘടനകള്‍ക്കെതിരായ തെളിവുകള്‍ ഇന്ത്യ സംഘാംഗങ്ങള്‍ക്ക് നല്‍കും. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഈ തെളിവുകള്‍ നല്‍കും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനോട് സംസാരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയക്കുന്നതിനെ എതിർക്കുന്ന രാഷ്ട്രീയം അനാവശ്യമെന്ന് ശരദ് പവാർ വ്യക്തമാക്കി.
അതിർത്തിയിലുള്ള സൈനിക ക്യാംപുകള്‍ അതീവ ജാഗ്രതയില്‍ തുടരണമെന്ന് സംയുക്ത സൈനിക മേധാവി നിർദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാൻറെ ഏത് സാഹസത്തിനും കടുത്ത മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിർത്തിയില്‍ അധികമായി വിന്യസിച്ച സേനയെ രണ്ടു രാജ്യങ്ങളും പിൻവലിച്ചു. പകുതി സൈനികർ ക്യാംപുകളിലേക്ക് മടങ്ങി. പാകിസ്ഥാൻ ഇന്നലെയും വെടിനിർത്തല്‍ കരാർ പാലിച്ചു. പഹല്‍ഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തില്‍ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ കൂട്ടാനും തീരുമാനമുണ്ട്. ആരാധനാലയങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടും. അയോധ്യയില്‍ സിആർപിഎഫ് ഡിജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തി. ആർഎസ്‌എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടും.