തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല


മലപ്പുറം: മലപ്പുറത്ത് തേങ്ങയിടാൻ തെങ്ങില്‍ കയറിയ ഗൃഹനാഥൻ മരിച്ചു. പുറത്തൂരില്‍ സേലത്ത് വീട്ടില്‍ കണ്ണൻ (70) ആണ് മരിച്ചത്.വീട്ടിലെ തെങ്ങില്‍ തേങ്ങയിടാനും തെങ്ങ് വൃത്തിയാക്കാനും കയറിയതായിരുന്നു അദ്ദേഹം. തെങ്ങിന്റെ മുകളില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് തെങ്ങില്‍ നിന്ന് പിടിവിട്ടുപോയി. ഇതോടെ തെങ്ങുകയറ്റ മെഷീനില്‍ കാല്‍ കുടുങ്ങി താഴേക്ക് തൂങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആളെ താഴെ ഇറക്കി. തുടർന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.