ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിക്കില്ല, പകരമെത്തുക രണ്ട് യുവപേസര്‍മാര്‍


മുംബൈ: അടുത്തമാസം നടക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമിയെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ട്.പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഐപിഎല്ലിലൂടെ തിരിച്ചെത്തിയെങ്കിലും ഷമിക്ക് നീണ്ട സ്പെല്‍ എറിയാനുള്ള മാച്ച്‌ ഫിറ്റ്നെസ് ഇല്ലെന്ന് ബിസിസിഐ മെഡിക്കല്‍ ടീം അറിയിച്ചതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ഷമിയെ പരിഗണിക്കേണ്ടെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് ഷമിയെ പരിഗണിക്കുന്നില്ലെങ്കില്‍ അര്‍ഷ്ദീപ് സിംഗിനെയോ അന്‍ഷുല്‍ കാംബോജിനെയോ പകരം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ കൂടുതല്‍ കളിക്കാനുള്ള ശാരീരികക്ഷമത തന്‍റെ ശരീരത്തിനില്ലെന്ന് ജസ്പ്രീത് ബുമ്ര സെലക്ടര്‍മാരോട് വ്യക്തമാക്കിയ സാഹചര്യത്തില്‍ പൂര്‍ണമായും ഫിറ്റ് അല്ലാത്ത മുഹമ്മദ് ഷമിയെ കൂടി ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്.

നീണ്ട സ്പെല്ലുകള്‍ എറിയാന്‍ കഴിയുന്ന ശാരീരികക്ഷമതയുള്ള ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലേക്ക് പരിഗണിക്കേണ്ടത് എന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഒരു ദിവസം 10 ഓവറില്‍ കൂടുതല്‍ എറിയാനാവുമോ എന്ന് ഉറപ്പില്ലാത്ത ഷമിയെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കുന്നത് വലിയ റിസ്കാണെന്നും സെലക്ടര്‍മാര്‍ കരുതുന്നു.

2023ലെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു ഷമി അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം പരിക്കിന്‍റെ പിടിയിലായ ഷമി കഴിഞ്ഞ വര്‍ഷം മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് മത്സര ക്രിക്കറ്റില്‍ മടങ്ങിയെത്തിയത്. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ ഷമിയെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലും പരിഗണിച്ചിരുന്നില്ല. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചെങ്കിലും ഷമിക്ക് തിളങ്ങാനായിരുന്നില്ല.