ബോളിവുഡ് നടൻ മുകുള്‍ ദേവ് അന്തരിച്ചു
മുംബൈ: ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സണ്‍ ഓഫ് സർദാറില്‍ മുകുളിനൊപ്പം പ്രവർത്തിച്ച നടൻ വിന്ദു ദാരാ സിംഗ് ഇന്ത്യാ ടുഡേയോട് ഇദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. മലയാളത്തില്‍ അടക്കം വില്ലന്‍ വേഷങ്ങളില്‍ ചെയ്ത രാഹുല്‍ ദേവിന്‍റെ സഹോദരനാണ് മുകുള്‍ ദേവ്. രാഹുലിന് പിന്നാലെയാണ് ഇദ്ദേഹവും ചലച്ചിത്ര രംഗത്തേക്ക് വന്നത്.
എന്നാല്‍ മുകുളിന്‍റെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത സുഹൃത്തായ നടി ദീപ്ശിഖ നാഗ്പാല്‍ സോഷ്യല്‍ മീഡിയ വഴി വാർത്ത സ്ഥിരീകരിച്ചു. “ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ആർഐപി” എന്ന സന്ദേശത്തോടെ അവർ മുകുള്‍ ദേവിനൊപ്പമുള്ള ഒരു പഴയ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറീസില്‍ പങ്കിട്ടിട്ടുണ്ട്.
മുകുള്‍ ദേവ് അവസാനമായി അഭിനയിച്ചത് ഹിന്ദി ചിത്രമായ ആന്ത് ദി എൻഡിലാണ്. ദില്ലിയിലെ ഒരു പഞ്ചാബി കുടുംബത്തില്‍ ജനിച്ച മുകുള്‍ ദേവിന്‍റെ കുടുംബം ജലന്ധറിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നും കുടിയേറി വന്നവരാണ്.
പിതാവ് ഹരി ദേവ്, അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ദൂരദർശൻ സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിയില്‍ മൈക്കല്‍ ജാക്‌സണായി വേഷമിട്ട മുകുള്‍ ദേവ് ആദ്യമായി പൊതുവേദിയില്‍ എത്തുന്നത്. ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയില്‍ പഠിച്ച അദ്ദേഹം പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
1996 ല്‍ വിജയ് പാണ്ഡെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുകുള്‍ ടെലിവിഷനില്‍ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ദൂരദർശന്റെ ഏക് സേ ബദ് കർ ഏക് എന്ന കോമഡി ഷോയില്‍ പ്രത്യക്ഷപ്പെട്ടു, കൂടാതെ ഫിയർ ഫാക്ടർ ഇന്ത്യയുടെ ആദ്യ സീസണിലും പ്രത്യക്ഷപ്പെട്ടു.
ദസ്തക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ അരങ്ങേറ്റം കുറിച്ചത്. അവിടെ അദ്ദേഹം എസിപി രോഹിത് മല്‍ഹോത്രയായി അഭിനയിച്ചു. സണ്‍ ഓഫ് സർദാർ, ആർ… രാജ്കുമാർ, ജയ് ഹോ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.