കിക്ക് ഡ്രഗ്സ് പ്രചാരണ യാത്ര സമാപനം മാറ്റിവെച്ചു
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ നേതൃത്വം നൽകുന്ന കിക്ക് ഡ്രഗ്സ് , സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ മെയ് 26 ന് നിശ്ചയിച്ചിരുന്ന സംസ്ഥാന തല സമാപന പരിപാടികൾ മാറ്റിവെച്ചു. പ്രചാരണ യാത്രയുടെ പെരിന്തൽമണ്ണയിലെ സ്വീകരണ പരിപാടിയും തിരൂരിൽ നിശ്ചയിച്ച സംസ്ഥാന തല സമാപന ചടങ്ങുമാണ് മാറ്റിവെച്ചത്. മലപ്പുറം ജില്ലയിലെ മാറ്റിവെച്ച പരിപാടികൾ അന്താരാഷ്ട ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് നടത്താനും തീരുമാനിച്ചു.
പ്രചാരണ യാത്രയുടെ 13 ജില്ലകളിലെ പ്രയാണം വൻ വിജയമാക്കിയ മുഴുവൻ ജനങ്ങൾക്കും മന്ത്രി വി അബ്ദുറഹിമാൻ നന്ദി പറഞ്ഞു. മെയ് 5 ന് കാസർക്കോട് നിന്നാരംഭിച്ച യാത്ര മെയ് 24 ന് തൃശൂരിലെ പര്യടനത്തിന് ശേഷമാണ് മലപ്പുറത്തേക്ക് പ്രവേശിക്കേണ്ടിയിരുന്നത്. 13 ജില്ലകളിലും ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചത്. കളിക്കാം കരുത്തു നേടാം, അതിലൂടെ ലഹരിയെന്ന വിപത്തിനെ ചെറുക്കാമെന്ന യാത്രയുടെ സന്ദേശം കേരള സമൂഹം ഒന്നാകെ നെഞ്ചേറ്റിയതായി മന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ കായികവകുപ്പ് ഒരു തുടർപ്രവർത്തനമായി നിർവഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ ആവശ്യമുണ്ട്. ജൂൺ 26 ന്റെ സമാപന പരിപാടികൾക്കുള്ള ഒരുക്കങ്ങൾക്ക് എല്ലാവരുടെയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.
സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ബഹു. കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ നയിക്കുന്ന ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ 26-05- 2025 ന് നിശ്ചയിച്ചിരുന്ന സംസ്ഥാന തല സമാപന പരിപാടികൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 2025 ജൂൺ 26-ലേക്ക് മാറ്റിവെച്ചതായി കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.